കൊച്ചി: തൃക്കാക്കര ഭാരത മാതാ കോളേജുമായി ബന്ധപ്പെട്ട മോർഫിങ് കേസിൽ അറസ്റ്റിലായ ശ്രീഹരിക്കും സനേഷിനുമെതിരെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി പൊലീസ്. പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോൾ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കേസിന്റെ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം. ടെലഗ്രാം ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വലിയ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണത്തിൽ പുറത്തുവരുന്നത്. ആയിരക്കണക്കിന് അംഗങ്ങളുള്ള നിരവധി ടെലഗ്രാം ഗ്രൂപ്പുകൾ വഴി മോർഫ് ചെയ്തതും അശ്ലീലവുമായ ചിത്രങ്ങൾ പ്രചരിപ്പിച്ചതായാണ് കണ്ടെത്തൽ.
അന്വേഷണത്തിൽ ‘പ്രീമിയം’ ഗ്രൂപ്പുകളുടെ സാന്നിധ്യവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അംഗത്വം നേടുന്നതിനായി പണം നൽകിയിരുന്നുവെന്നാണ് വിവരം. ചിലർക്ക് പ്രത്യേക താൽപര്യത്തിനനുസരിച്ചുള്ള ഉള്ളടക്കം ലഭിക്കുന്നതിനായി ചെറിയ ഗ്രൂപ്പുകളിലേക്ക് മാറാനും അവസരം നൽകിയിരുന്നു.
പ്രതികളിലൊരാളായ സനേഷ് ഗ്രൂപ്പുകളിൽ ചേരുന്നതിനായി ക്യുആർ കോഡുകൾ വഴി പണം സ്വീകരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ 12 പേരെങ്കിലും പണം നൽകി ഇത്തരം ഗ്രൂപ്പുകളിൽ അംഗങ്ങളായതായി അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.
പോക്സോ കേസിൽ അറസ്റ്റിലായ ശ്രീഹരി ഭാരത മാതാ കോളേജിലെ രണ്ടാം വർഷ ബി.ബി.എ വിദ്യാർഥിയാണ്. കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവമാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ലഭിച്ച പരാതിയിൽ നടത്തിയ ഡിജിറ്റൽ പരിശോധനയിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
പ്രതികളുടെ ഫോണുകളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ടെലഗ്രാം ഗ്രൂപ്പുകളിലെ അംഗത്വം, പണമിടപാടുകൾ, ചിത്രങ്ങൾ ആരിൽനിന്ന് ലഭിച്ചു, ആരൊക്കെയാണ് അവ പ്രചരിപ്പിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.
ഒരു ഗ്രൂപ്പിൽ മാത്രം ഏകദേശം 15,000 അംഗങ്ങളുണ്ടായിരുന്നതായും, ഇതിന് കീഴിൽ നിരവധി ചെറിയ ഗ്രൂപ്പുകൾ പ്രവർത്തിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഡിജിറ്റൽ തെളിവുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ച് ശൃംഖലയിലെ മറ്റുള്ളവരെ കണ്ടെത്താനാണ് പൊലീസ് ശ്രമം.
കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ഉള്ളടക്കം കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷണം പോക്സോ നിയമത്തിന്റെ പരിധിയിലും ശക്തമാക്കിയിട്ടുണ്ട്. ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികളെന്ന് പൊലീസ് അറിയിച്ചു.