ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഫെബ്രുവരി ആറിന് മുൻപ് പുറത്തിറക്കാൻ ധാരണ. ഡൽഹിയിൽ ഹൈക്കമാൻഡുമായി കേരള നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഫെബ്രുവരി ആറിന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫ് യാത്രയ്‌ക്ക് മുൻപ് ആദ്യ സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കും. യാത്ര കാസർകോട് നിന്നാരംഭിക്കുന്നതിനാൽ വടക്കൻ ജില്ലകളിലെ തർക്കമില്ലാത്ത മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാകും ആദ്യം പ്രഖ്യാപിക്കുക. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം ഈമാസം 27ന് തിരുവനന്തപുരത്ത് ചേരും.
തൃപ്പൂണിത്തുറ, പാലക്കാട് ഒഴികെ മണ്ഡലങ്ങളിൽ ജയസാദ്ധ്യത നോക്കി സിറ്റിംഗ് എം.എൽ.എമാരെ മത്സരിപ്പിക്കാനാണ് ധാരണ. തൃപ്പൂണിത്തുറയിൽ സിറ്റിംഗ് എം.എൽ.എ കെ.ബാബു ആരോഗ്യ കാരണങ്ങളാൽ മത്സരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. പാർട്ടി പുറത്താക്കിയരാഹുൽ മാങ്കൂട്ടത്തിലിന് പകരം പാലക്കാട്ട് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തും. കൊച്ചി, കളമശേരി, ഗുരുവായൂർ, പട്ടാമ്പി അടക്കം ചില സീറ്റുകൾ മുസ്ളിംലീഗും കോൺഗ്രസും വച്ചുമാറും.
ഘടകകക്ഷികളുമായുള്ള ചർച്ചയും ഇതിനിടെ ഉണ്ടാകും.

