സിപിഐ (എം) പട്ടിക: 12 ഇടത്തും ഓരോ പേര് മാത്രം, മൂന്നിടത്ത് അന്തിമതീരുമാനം സംസ്ഥാനനേതൃത്വത്തിന് വിട്ടു

  • Home-FINAL
  • Business & Strategy
  • സിപിഐ (എം) പട്ടിക: 12 ഇടത്തും ഓരോ പേര് മാത്രം, മൂന്നിടത്ത് അന്തിമതീരുമാനം സംസ്ഥാനനേതൃത്വത്തിന് വിട്ടു

സിപിഐ (എം) പട്ടിക: 12 ഇടത്തും ഓരോ പേര് മാത്രം, മൂന്നിടത്ത് അന്തിമതീരുമാനം സംസ്ഥാനനേതൃത്വത്തിന് വിട്ടു


ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർത്ഥി പട്ടികക്ക് രൂപമായി. കണ്ണൂരിൽ എം വി ജയരാജനും വടകരയിൽ കെ കെ ശൈലജയും പത്തനംതിട്ടയിൽ ടി എം തോമസ് ഐസകും മത്സരിക്കും. എ വിജയരാഘവൻ പാലക്കാടും മന്ത്രി കെ രാധാകൃഷ്ണൻ ആലത്തൂരും സ്ഥാനാർഥിയാകും. എറണാകുളം, പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ സ്ഥാനാർഥിത്വത്തിൽ ധാരണയായിട്ടില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പതിനഞ്ചിൽ 12 മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയുടെ ഒറ്റ പേരിലേക്ക് സിപിഐഎം എത്തിക്കഴിഞ്ഞു. ജില്ലാ സെക്രട്ടറിമാർ, എംഎൽഎമാർ, മുൻമന്ത്രിമാർ, എംപിമാർ എന്നിവരെ എല്ലാം അണി നിരത്തിയാണ് സിപിഐഎമ്മിൻ്റെ സ്ഥാനാർത്ഥി പട്ടിക. കാസർകോട് എം വി ബാലകൃഷ്ണൻ മാസ്റ്റർ, കണ്ണൂർ എം വി ജയരാജൻ ആറ്റിങ്ങലിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് ഇങ്ങനെ മൂന്ന് ജില്ലാ സെക്രട്ടറിമാരാണ് മത്സര രംഗത്തിറങ്ങുന്നത്. മുതിർന്ന നേതാക്കളായ കെ കെ ശൈലജ വടകര, എളമരം കരീം കോഴിക്കോട്, എ വിജയരാഘവൻ പാലക്കാട്, തോമസ് ഐസക് പത്തനംതിട്ട എന്നിങ്ങനെയാണ് പട്ടിക.

സ്ഥാനാർഥിയാകാൻ താല്പര്യം ഇല്ലെന്ന് അറിയിച്ചെങ്കിലും ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണനെയും ചാലക്കുടിയിൽ മുൻമന്ത്രി സി. രവീന്ദ്രനാഥിനെയും തന്നെ കളത്തിൽ ഇറക്കാൻ ആണ് സിപിഐഎം തീരുമാനം. ഇടുക്കിയിൽ ജോയ്സ് ജോർജ് മൂന്നാം വട്ടവും സ്ഥാനാർഥിത്വം ഉറപ്പിച്ചു. ജില്ലാ നേതൃത്വത്തിൽ ഒരു വിഭാഗം ശക്തമായി എതിർത്തെങ്കിലും സിറ്റിംഗ് എംപി ആരിഫ് തന്നെ ആലപ്പുഴയിൽ മത്സരിക്കട്ടെ എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. രാഷ്ട്രീയ അടിത്തറ ഉണ്ടായിട്ടും വിജയം നേടാനാകാത്ത കൊല്ലത്ത് മുകേഷ് എംഎൽഎയാണ് ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങുന്നത്.

പൊന്നാനിയിൽ ആര് മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കട്ടെ എന്നാണ് ജില്ല നേതൃത്വത്തിന്റെ നിലപാട്. മലപ്പുറത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം അബ്ദുള്ള നവാസ് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു എന്നിവരുടെ പേര് ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് കൈമാറി. എറണാകുളത്തും തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടിരിക്കുകയാണ്.

 

Leave A Comment