കണ്ണൂർ: സി പി എം മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ രചിച്ച പുസ്തകം പ്രകാശനം ചെയ്തു. ‘പയ്യന്നൂർ ഗാന്ധി പാർക്കിൽ വി.എസിൻ്റെ മുൻ ഐ.ടി ഉപദേഷ്ടാവ് ജോസഫ് സി മാത്യു പ്രകാശനം നിർവഹിച്ചു. കനത്ത പൊലീസ് സുരക്ഷയിലാണ് ചടങ്ങ് നടന്നത്. സിപിഎം ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട തന്റെ പുതിയ പുസ്തകം ‘നേതൃത്വത്തെ അണികൾ തിരുത്തണം’ പ്രകാശനം ചെയ്യുന്നതിന് മുൻപായി രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ പുറത്തുവിടാൻ പാർട്ടി തയ്യാറാകണമെന്ന് വി. കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു. പുസ്തകം പുറത്തുവന്നാൽ അതിലെ കാര്യങ്ങൾ പരിഗണിച്ച് കണക്ക് തയ്യാറാക്കാം എന്ന നിലപാടാണ് പാർട്ടിക്കുള്ളതെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ വിശദീകരിക്കുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ. രാകേഷും സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനും കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് കുഞ്ഞികൃഷ്ണൻ രംഗത്തെത്തിയത്. അഞ്ച് വർഷത്തോളമായി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിക്കകത്ത് ചർച്ച ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ തന്നെപ്പോലും ബോധ്യപ്പെടുത്താൻ പാകത്തിലുള്ള ഒരു കണക്കും പാർട്ടി കമ്മിറ്റിയിൽ അവതരിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തള്ളിക്കളഞ്ഞ കണക്കുകൾ വിശദീകരിക്കാനാണ് ഇപ്പോൾ ഏരിയ കമ്മിറ്റി യോഗം ചേരുന്നത്. എന്നാൽ, രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോഴും വിശദീകരിക്കപ്പെട്ടിട്ടില്ല. തന്നെ പുറത്താക്കാൻ വേണ്ടി ചേർന്ന കമ്മിറ്റിക്ക് ശേഷം നടന്ന വിശദീകരണ യോഗങ്ങളിലും സുതാര്യമായ കണക്കുകൾ നൽകിയിട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ഒറ്റുകാരനായി ചിത്രീകരിക്കുന്ന എം. വി. ഗോവിന്ദന്റെ നിലപാട് വസ്തുതകൾ മനസ്സിലാക്കാതെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

