തിരുവനന്തപുരം: ഇഷ്ടപ്പെട്ട മീൻകറി കിട്ടാത്തതുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരിക്കെ പിണറായി വിജയൻ മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽനിന്ന് ഊണു കഴിക്കാതെ ഇറങ്ങിപ്പോയെന്ന പ്രസ്താവനയ്ക്കു ശേഷം വീണ്ടും സർക്കാരിനെതിരെ സിപിഐ നേതാവ് സി. ദിവാകരൻ. കേരളത്തിൽ ഫാക്ടറികളോ നിർമാണകേന്ദ്രങ്ങളോ സ്ഥാപിക്കാൻ സർക്കാർ തയാറാകാത്തതുകൊണ്ടാണ് യുവാക്കൾ ജോലി തേടി മറ്റു രാജ്യങ്ങളിലേക്കു പോകുന്നതെന്ന കടുത്ത വിമർശനമാണ് സി. ദിവകരൻ ഉന്നയിച്ചത്.
‘‘ഇന്ത്യയെയാകെ താരതമ്യപ്പെടുത്തുമ്പോൾ ഒരു ചെറിയ പഞ്ചായത്താണീ കേരളം. ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല. ഒരു ഹെവി ഇൻഡസ്ട്രി ഒന്നും ഇവിടെ ഇല്ല. ഇവിടെ പ്രൊഡക്‌ഷനും മാനുഫാക്ചറിങ്ങും ഇല്ല. കേരളത്തിൽ കാറോ മോട്ടർ ബൈക്കോ ഹെവി മെഷിനറിയോ ഉൽപാദിപ്പിക്കുന്നുണ്ടോ. ഇത്ര നാൾ ആയിട്ടും കേരളത്തിൽ ഒരു ഫാക്ടറി പോലും ഇല്ല. അതുകൊണ്ടാണ് ചെറുപ്പക്കാർ എങ്ങനെയെങ്കിലും പാസ്‌പോർട് തരപ്പെടുത്തി കാശും കൊടുത്ത് നാടുവിട്ടു പോയി രക്ഷപ്പെടുന്നത്. കേരളത്തിൽ ഫാക്ടറിയും നിർമാണവും വരുത്തേണ്ടത് സർക്കാരല്ലേ’’ – സി. ദിവാകരൻ ചോദിക്കുന്നു.
കോളജ് പഠനകാലത്ത് അമ്മ ഉണ്ടാക്കി കൊടുത്തുവിട്ട ചെറിയ ഒറോട്ടി കഴിച്ചാണ് വിശപ്പടക്കിയിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുപരിപാടിയിൽ പറഞ്ഞത് സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് സി.ദിവാകരന്റെ മീൻകഥയും വിവാദമായത്. പിണറായി വിജയൻ ചൂരക്കറി കഴിക്കാൻ കൂട്ടാക്കാതെ ഇരുന്നതിനാൽ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എം.സത്യനേശൻ പിറ്റേന്നു പുലർച്ചെ പാളയം മാർക്കറ്റിൽ പോയി വലിയ നെയ്മീൻ വാങ്ങി പാറശാലയിൽ എത്തിച്ചു കറിവച്ചു കൊടുത്തുവെന്നും അതോടെ പിണറായിക്കു സന്തോഷമായെന്നുമാണ് സി.ദിവാകരൻ പറഞ്ഞത്.

