’തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ശബരിമല സ്വര്‍ണക്കവര്‍ച്ച വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചോ എന്നു പറയാനാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കപ്പല്‍ മുങ്ങുമെന്ന പ്രചാരവേല തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ നടന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമായിരുന്നു എം.വി.ഗോവിന്ദന്റെ പ്രതികരണം. 58 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണു നേട്ടം. ചിലയിടത്തു തിരിച്ചടിയുണ്ടായതു പരിശോധിക്കുകയും തിരുത്തുകയും ചെയ്യുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
‘‘മധ്യകേരളത്തിലും മലപ്പുറത്തും തിരിച്ചടിയുണ്ടായി. ഏതെങ്കിലും വിഭാഗം എതിരായെന്നു പറയാനാകില്ല. ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തെ കൈവിട്ടിട്ടില്ല. കൊല്ലം കോര്‍പ്പറേഷനിലുണ്ടായ തോല്‍വി പരിശോധിക്കും. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരത്തിനായി കോണ്‍ഗ്രസുമായി കൂടില്ല. കുതിരക്കച്ചവടത്തിനില്ല. തിരുവനന്തപുരത്ത് ബിജെപി-കോണ്‍ഗ്രസ് ധാരണയുണ്ടായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് തന്നെയാണ് ഇപ്പോഴും ഒന്നാമത്തെ ശക്തി. എല്‍ഡിഎഫിന് 1,75,000 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് 1,65,000 വോട്ടും യുഡിഎഫിന് 1,25,000 വോട്ടുമാണ് ലഭിച്ചത്. ബിജെപി വിജയിച്ച 41 ഡിവിഷനുകളിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. 25 ഡിവിഷനിൽ യുഡിഎഫിന് 1,000ത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഒന്നിച്ച് നിന്ന് എല്‍ഡിഎഫിനെ തോല്‍പ്പിച്ച ശേഷം ബിജെപിയെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്തുമെന്ന് പറയുന്നത് യുഡിഎഫിന്റെ കപട മുദ്രാവാക്യമാണ്’’ – ഗോവിന്ദൻ വ്യക്തമാക്കി.

