ഹരാരെ: അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ ആറാം ലോകകിരീടം നേടി. ഇന്ത്യ ഉയർത്തിയ 412 റൺസെന്ന യമണ്ടൻ ലക്ഷ്യത്തിന് മുന്നിൽ ഇംഗ്ലണ്ടിന്റെ പോരാട്ടം 311 റൺസിൽ അവസാനിച്ചു. നൂറ് റൺസിന്റെ ജയം. ഇന്ത്യൻ ബാറ്റർമാർ റൺസ് അടിച്ചുകൂട്ടിയപ്പോൾ, ഇംഗ്ലണ്ടിന്റെ കിരീടസ്വപ്നങ്ങൾ മണൽക്കൊട്ടാരങ്ങൾപോലെ തകർന്നടിഞ്ഞു.
14 വയസ്സുകാരനായ വൈഭവ് സൂര്യവംശി എന്ന ബാറ്റിങ് വിസ്മയമാണ് ഫൈനലിന്റെ വിധി കുറിച്ചതെന്ന് നിസ്സംശയം പറയാം. വെറും 80 പന്തിൽ 175 റൺസ് നേടിയ വൈഭവിന്റെ പ്രകടനം ഇംഗ്ലീഷ് ബൗളർമാരുടെ ആത്മവിശ്വാസം തകർത്തു.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് നേടി. വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് സെഞ്ചുറിയുടെ (175) കരുത്തിൽ ഇന്ത്യ പടുത്തുയർത്തിയ കൂറ്റൻ സ്‌കോറിനെതിരേ പൊരുതിയ ഇംഗ്ലണ്ട് 40.2 ഓവറിൽ 311-ന് എല്ലാവരും പുറത്തായി.
ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രൻ, കനിഷ്‌ക് ചൗഹാൻ എന്നിവർ നിർണായക ഘട്ടങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കി. ക്യാപ്റ്റൻ ആയുഷ് മാത്രെയും ഖിലാൻ പട്ടേലും ഇംഗ്ലീഷ് മധ്യനിരയെ തകർക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

