2024–2025 വർഷത്തെ ക്രൂയിസ് ഷിപ്പ് സീസൺ സമാപിച്ചതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു.ഈ കാലയളവിൽ ലോകമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം വിനോദസഞ്ചാരികൾ ആണ് ബഹ്‌റൈനിൽ എത്തിയത്.
മുൻ സീസണിനെ അപേക്ഷിച്ച് ഇത് 15% വർദ്ധനവ് ആണ്. കൂടാതെ രാജ്യത്തുടനീളമുള്ള ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാൻ തിരഞ്ഞെടുത്ത സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി.2024 നവംബർ മുതൽ 2025 ഏപ്രിൽ വരെ നീണ്ടുനിന്ന സീസണിൽ 40 ക്രൂയിസ് കപ്പലുകൾ എത്തിയതായി ബിടിഇഎയിലെ പ്രോജക്ട്സ് ആൻഡ് റിസോഴ്‌സസ് ഡെപ്യൂട്ടി സിഇഒ ഡാന ഒസാമ അൽ സാദ് പറഞ്ഞു.
ബഹ്‌റൈന്റെ ടൂറിസം പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം, സാമ്പത്തിക മേഖലയിലും ഈ സീസൺ ഉണർവ് നൽകിയതായും റീട്ടെയിൽ, ഗതാഗതം,മറ്റ് സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളെ പിന്തുണയ്ക്കുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.അടുത്ത ക്രൂയിസ് സീസണിനായുള്ള ഒരുക്കങ്ങൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ടെന്നും,പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും സമുദ്ര ടൂറിസം സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അൽ സാദ് കൂട്ടിച്ചേർത്തു.