ബഹ്റൈന്റെ കലാ-സാംസ്കാരിക മണ്ഡലങ്ങളിൽ നാല് പതിറ്റാണ്ടോളം നിറസാന്നിധ്യമായി, വടകരയുടെ സാംസ്കാരിക പൈതൃകത്തിന്റെ സുഗന്ധം പ്രവാസമണ്ണിലും പരത്തിയ ദാമു കോറോത്തിന്റെ നിര്യാണത്തിൽ വടകര സഹൃദയ വേദി അനുസ്മരണ യോഗം സംഘടിപ്പിച്ചു.പ്രവാസത്തിന്റെ മണൽപ്പരപ്പിൽ വടകരയുടെ ഓർമ്മകൾക്ക് പച്ചപ്പ് പകർന്ന അപൂർവ വ്യക്തിത്വമായിരുന്നു ദാമു കോറോത്തെന്ന് യോഗം വിലയിരുത്തി. കലയും സൗഹൃദവും മനുഷ്യബന്ധങ്ങളും ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാക്കി മാറ്റിയ അദ്ദേഹത്തിന്റെ സാന്നിധ്യം ബഹ്റൈന്റെ സാംസ്കാരിക ചരിത്രത്തിലെ മായാത്ത ഒരേടായി അവശേഷിക്കുമെന്നും യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു.നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തിനിടയിൽ കലാ-സാംസ്കാരിക പ്രവർത്തനങ്ങളിലൂടെയും ആത്മാർഥമായ സൗഹൃദ കൂട്ടായ്മകളിലൂടെയും അദ്ദേഹം സൃഷ്ടിച്ച ബന്ധങ്ങൾ കാലത്തിനും ദേശത്തിനും അതീതമായിരുന്നു. ജന്മനാടിനോടും നാട്ടുകാരോടും പുലർത്തിയ അഗാധമായ ആത്മബന്ധവും, വടകരയുടെ പാരമ്പര്യവും സംസ്കാരവും പ്രവാസി സമൂഹത്തിൽ നിലനിർത്താൻ അദ്ദേഹം നടത്തിയ നിരന്തരമായ ഇടപെടലുകളും പ്രത്യേകം സ്മരിക്കപ്പെട്ടു.ഭൗതികമായ സാന്നിധ്യം അവസാനിച്ചെങ്കിലും, അദ്ദേഹത്തിന്റെ ചിരിയും സൗഹൃദവും സ്നേഹവും സാംസ്കാരിക പ്രവർത്തനങ്ങളോടുള്ള സമർപ്പണവും സഹൃദയരുടെ ഓർമ്മകളിൽ എന്നും ജീവിച്ചുകൊണ്ടിരിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ദാമു കോറോത്തിന്റെ വേർപാട് വടകര സഹൃദയ വേദിക്കും ബഹ്റൈനിലെ വിശാലമായ പ്രവാസി സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും യോഗം വിലയിരുത്തി.വടകര സഹൃദയ വേദി പ്രസിഡണ്ട് അഷ്റഫ് എൻ. പി. അധ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തിൽ സെക്രട്ടറി എം. സി. പവിത്രൻ സ്വാഗതം ആശംസിച്ചു. തുടർന്ന് ദാമു കോറോത്തിനൊപ്പം ദീർഘകാലം കലാ-സാംസ്കാരിക മേഖലകളിൽ സഹപ്രവർത്തകരായിരുന്ന പ്രകാശ് വടകര,ഇ. വി, രാജീവൻ, ഷാജി മൂത്തല, സുനിൽ ദാസ്, തോമസ് ഫിലിപ്പ്, വിനയചന്ദ്രൻ, ബാബു കുഞ്ഞിരാമൻ, അജിത് കണ്ണൂർ,അനിൽ കുമാർ കളത്തിൽ, എന്നിവർ അദ്ദേഹത്തോടൊപ്പമുള്ള തങ്ങളുടെ ഓർമ്മകളും അനുഭവങ്ങളും പങ്കുവെച്ചു.വടകര സഹൃദയ വേദിയുടെ രക്ഷാധികാരികളായ ആർ. പവിത്രൻ, ശശിധരൻ എം., സജീവ് പാക്കയിൽ, ശിവദാസ്, സുരേഷ് മണ്ടോടി എന്നിവരും ദാമു കോറോത്തിന്റെ കലാ-സാംസ്കാരിക സംഭാവനകളും സൗഹൃദത്തിന്റെ ആഴവും അനുസ്മരിച്ചു. ചടങ്ങിൽ എം. എം. ബാബു നന്ദി രേഖപ്പെടുത്തി.
