തിരുവനന്തപുരം: തദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി. തൃക്കണാപുരം വാർഡിൽ സ്ഥാനാർഥിയായി പരിഗണിച്ചിരുന്ന ആനന്ദ് കെ.തമ്പിയാണ് മരിച്ചത്.
സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്നെങ്കിലും പട്ടിക വന്നപ്പോൾ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ല. മാധ്യമ സ്ഥാപനങ്ങളിലേക്ക് വാട്സാപ്പിലൂടെ കുറിപ്പ് അയച്ച ശേഷമാണ് ആനന്ദ് ജീവനൊടുക്കിയത്.
സ്ഥാനാർഥിത്വം നിഷേധിച്ചതിന് പിന്നിൽ ബിജെപി നേതാക്കളാണെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. എന്റെ ഭൗതിക ശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല പക്ഷേ ബിജെപി പ്രവർത്തകരെയും ആർഎസ്എസ് പ്രവർത്തകരെയും ഭൗതിക ശരീരം കാണാൻ പോലും അനുവദിക്കരുത്.ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാൻ ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്. കുറിപ്പിൽ പറയുന്നു.
വീടിനകത്ത് തൂങ്ങിയനിലയിലാണ് ആനന്ദിനെ കണ്ടെത്തിയത്. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

