ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് നേവൽ സ്റ്റാഫായി വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് ചുമതലയേറ്റു. 38 വർഷത്തിലേറെ നീണ്ട വിശിഷ്ട സേവനത്തിനുശേഷം 2026 ജൂലൈ 31-ന് വിരമിച്ച വൈസ് അഡ്മിറൽ തരുൺ സോബ്തിയിൽനിന്നാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. ഗോവയിലെ നേവൽ അക്കാദമിയിലെ 38-ാമത് ഇന്റഗ്രേറ്റഡ് കേഡറ്റ് കോഴ്സിൽനിന്ന് 1990-ൽ ഇന്ത്യൻ നാവികസേനയിലേക്ക് വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് കമ്മീഷൻ ചെയ്യപ്പെട്ടു. ‘കാറ്റഗറി എ’ (CAT ‘A’) സീ കിങ് എയർ ഓപ്പറേഷൻസ് ഓഫീസറും കമ്മ്യൂണിക്കേഷൻ ആൻഡ് ഇലക്ട്രോണിക് വാർഫെയർ സ്പെഷ്യലിസ്റ്റുമാണ്. വെല്ലിങ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലും ഗോവയിലെ നേവൽ വാർ കോളേജിലെ നേവൽ ഹയർ കമാൻഡ് കോഴ്സിലും അദ്ദേഹം പരിശീലനം നേടിയിട്ടുണ്ട്.
36 വർഷത്തിലേറെ നീണ്ട സേവനത്തിനിടെ, കടലിലും കരയിലും കമാൻഡ്, ഓപ്പറേഷണൽ, പരിശീലന, സ്റ്റാഫ് ചുമതലകൾ ഉൾപ്പെടെ നിരവധി സുപ്രധാന സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. കടലിൽ, ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ഐ.എൻ.എസ്. രാജ്പുത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസറായും ഐ.എൻ.എസ്. അഭയ്, ഐ.എൻ.എസ്. ഷാർദുൽ, ഗൈഡഡ് മിസൈൽ ഫ്രിഗേറ്റായ ഐ.എൻ.എസ്. സത്പുര എന്നിവയുടെ കമാൻഡിങ് ഓഫീസറായും സേവനമനുഷ്ഠിച്ചു. ഗാൽവാൻ സംഭവത്തിനു പിന്നാലെ നടന്ന ഓപ്പറേഷൻ സ്നോ ലെപ്പാർഡിന്റെ സമയത്ത് വെസ്റ്റേൺ ഫ്ലീറ്റിന്റെ ഫ്ലീറ്റ് ഓപ്പറേഷൻസ് ഓഫീസറായും പ്രവർത്തിച്ചു. 1999-ലെ ഓപ്പറേഷൻ വിജയിലും 2001-ലെ ഓപ്പറേഷൻ പരാക്രമിലും അദ്ദേഹം പങ്കാളിയായിരുന്നു.
