ഡിഎംകെയെ കൈവിട്ട് എംഡിഎംകെയും; എംഎൽഎമാർ രാജിവെച്ച് ടിവികെയിലേക്ക്?

  • Home-FINAL
  • Business & Strategy
  • ഡിഎംകെയെ കൈവിട്ട് എംഡിഎംകെയും; എംഎൽഎമാർ രാജിവെച്ച് ടിവികെയിലേക്ക്?

ഡിഎംകെയെ കൈവിട്ട് എംഡിഎംകെയും; എംഎൽഎമാർ രാജിവെച്ച് ടിവികെയിലേക്ക്?


ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും വൻ അഴിച്ചുപണികൾക്ക് സാധ്യതയേറുന്നു. ഭരണകക്ഷിയായ ഡിഎംകെ നേതൃത്വം നൽകുന്ന മതനിരപേക്ഷ പുരോഗമന സഖ്യം വിടുമെന്ന സൂചനകൾ ശക്തമാക്കി, എംഡിഎംകെയുടെ (മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം) രണ്ട് എംഎൽഎമാർ പാർട്ടി വിട്ട് സി. ജോസഫ് വിജയ്‌യുടെ ടിവികെയിലേക്ക് (തമിഴക വെട്രി കഴകം) ചേക്കേറാൻ ഒരുങ്ങുന്നതായാണ് വിവരം. സീർകാഴി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആർ. സെന്തിൽ സെൽവൻ, കടയനല്ലൂർ എംഎൽഎ ടി.എം. രാജേന്ദ്രൻ എന്നിവരാണ് രാജിവെക്കാൻ സാധ്യതയുള്ള നേതാക്കൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നാലിടത്താണ് എംഡിഎംകെ മത്സരിച്ചത്. ഇതിൽ മൂന്ന് സീറ്റുകളിലും സ്ഥാനാർത്ഥികൾ ഡിഎംകെയുടെ ‘ഉദയസൂര്യൻ’ ചിഹ്നത്തിലാണ് ജനവിധി തേടിയത്. സെന്തിൽ സെൽവനും ടി.എം. രാജേന്ദ്രനും ഡിഎംകെ ചിഹ്നത്തിൽ മത്സരിച്ചു ജയിച്ചതിനാൽ സാങ്കേതികമായി നിയമസഭയിൽ ഡിഎംകെയുടെ വിപ്പ് അനുസരിക്കാൻ ഇവർ ബാധ്യസ്ഥരാണ്. അതുകൊണ്ടുതന്നെ, എംഎൽഎ സ്ഥാനം രാജിവെക്കാതെ നേരിട്ട് പാർട്ടി മാറിയാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവർക്ക് അയോഗ്യത കൽപ്പിക്കപ്പെടും. ഈ നിയമക്കുരുക്ക് ഒഴിവാക്കാനാണ് ഇരുവരും നിയമസഭാംഗത്വം രാജിവെച്ച് ടിവികെയിൽ ചേരാൻ ആലോചിക്കുന്നത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സി. ജോസഫ് വിജയ്, താൻ രാജിവെച്ച തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നന്ദി പര്യടനത്തിന് എത്തിയിരുന്നു. ഈ ചടങ്ങിൽ വെച്ച് എംഡിഎംകെ സ്ഥാപക നേതാവ് വൈകോയുടെ മകനും നിലവിലെ എംപിയുമായ ദുരൈ വൈകോ, വിജയ്‌യെ നേരിട്ടെത്തി സ്വീകരിച്ചതോടെയാണ് രാഷ്ട്രീയ ചർച്ചകൾക്ക് ചൂടുപിടിച്ചത്.
എംഎൽഎമാർ പാർട്ടി മാറി ടിവികെയിൽ ചേരുന്നതിനെ ദുരൈ വൈകോ അനുകൂലിച്ചതും ശ്രദ്ധേയമായി. ഇതിന് പിന്നാലെ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഡിഎംകെ തങ്ങളെ നിർബന്ധിച്ചാണ് അവരുടെ ചിഹ്നം അടിച്ചേൽപ്പിച്ചതെന്ന് ആരോപിച്ച് വൈകോയും രംഗത്തെത്തിയതോടെ എംഡിഎംകെ-ഡിഎംകെ സഖ്യം പൂർണ്ണമായും തകർച്ചയുടെ വക്കിലാണെന്ന് വ്യക്തമായിരിക്കുകയാണ്.

Leave A Comment