കൊച്ചി: ചലച്ചിത്ര വികസന കോർപ്പറേഷന്റെ ധനസഹായത്താൽ സിനിമകൾ നിർമ്മിക്കുന്ന വനിതാ സവിധായകർക്കും പട്ടികജാതി വിഭാഗത്തിൽനിന്നുള്ള സംവിധായകർക്കുമെതിരെ അടൂർ ഗോപാലകൃഷ്ണന്റെ വിവാദപരാമർശം. സംസ്ഥാന സർക്കാരിന്റെ സിനിമാ കോൺക്ലേവിന്റെ സമാപനവേദിയിലാണ് അടൂർ വിവാദ പരാമർശങ്ങൾ നടത്തിയത്. അടൂരിന്റെ പ്രസംഗത്തിനിടെ തന്നെ വിമർശനമുയർന്നെങ്കിലും അദ്ദേഹം അധിക്ഷേപ പരാമർശങ്ങൾ തുടർന്നു. അടൂർ ഗോപാലകൃഷ്ണന്റെ പരാമർശങ്ങൾക്കെതിരെ വലിയ പ്രതിഷേധം ഉയർന്നു.
പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് ആദ്യം പരിശീലനമാണ് നൽകേണ്ടതെന്നാണ് അടൂർ പറഞ്ഞത്. ചലച്ചിത്ര വികസന കോർപ്പറേഷൻ വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി രൂപ നൽകുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂർ പറഞ്ഞു.
പിന്നാലെ വേദിയിലുണ്ടായിരുന്ന സിനിമാ പ്രവർത്തക പ്രതിഷേധമുയർത്തി. സംവിധായകനായ ഡോ. ബിജുവിനെ ഉൾപ്പെടെ ചൂണ്ടിക്കൊണ്ടാണ് അവർ അടൂരിന് മറുപടി പറയാൻ ശ്രമിച്ചത്. എന്നാൽ ഇത് വകവെക്കാതെ അടൂർ ഗോപാലകൃഷ്ണൻ പ്രസംഗം തുടരുകയായിരുന്നു.
കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സമരത്തിനെതിരെയും അടൂർ തുറന്നടിച്ചു. നടന്നത് മോശം സമരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അച്ചടക്കം കൊണ്ടുവരാൻ ശ്രമിച്ചതിനാണ് സമരം നടത്തിയത്. ആ സ്ഥാപനത്തെ ഇപ്പോൾ ഒന്നുമല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കാൻ പാടില്ല. ടെലിവിഷൻ നശിച്ച അവസ്ഥയിലാണ്. ഒരു നല്ല പരിപാടി പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

