ഭർതൃപിതാവ് ലൈംഗികമായി ഉപദ്രവിച്ചതിൽ മനംനൊന്ത് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു.തമിഴ്‌നാട് രാമനാഥപുരം സ്വദേശി രഞ്ജിതയാണ് (32) മരിച്ചത്. വിവാഹം കഴിഞ്ഞ നാൾ മുതൽ സ്ത്രീധനം ആവശ്യപ്പെട്ടെന്നും ഭർത്താവിന്റെ കുടുംബം ഉപദ്രവിച്ചെന്നും യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷം പകർത്തിയ വിഡിയോയിൽ പറഞ്ഞു. 70ശതമാനത്തിലേറെ പൊളളലേറ്റ രഞ്ജിത മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭർത്താവിന്റെ കുടുംബത്തിനെതിരെയും ഭർതൃപിതാവിനെതിരെയും ഗുരുതര ആരോപണങ്ങളാണ് യുവതി വീഡിയോയിൽ ഉന്നയിച്ചത്. ‘എന്റെ ഭർത്താവിന്റെ അച്ഛൻ കെട്ടിപ്പിടിച്ചു, ഉപദ്രവിക്കാൻ നോക്കി, എനിക്കിത് സഹിക്കാനാവില്ല,സ്വയം ശരീരത്തിന് തീകൊളുത്തി’- യുവതി വീഡിയോയിൽ പറയുന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ യുവതിയുടെ ഇളയ മകൻ, മുത്തശ്ശൻ ഉപദ്രവിച്ചതിനെക്കുറിച്ച് അമ്മ തന്നോട് പറഞ്ഞിരുന്നുവെന്ന് വ്യക്തമാക്കി മറ്റൊരു വിഡിയോയും പുറത്തുവിട്ടു. യുവതിയുടെ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ കുടുംബവും രംഗത്തെത്തി.

