കൊൽക്കത്ത: ബംഗാളിൽ മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു. തിങ്കളാഴ്ച രാവിലെ ടീസ്റ്റ നദിയിൽനിന്നാണ് ആനക്കുട്ടിയെ ലഭിച്ചത്. ജൽപൈഗുരിയിലെ ഗജോൾഡോബ ബാരേജിൽനിന്നു വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് ഒഴുക്കിൽപെട്ട ആനക്കുട്ടിയെയാണു മത്സ്യത്തൊഴിലാളികൾ രക്ഷിച്ചത്. അഞ്ച് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്.
മീൻ പിടിക്കുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികൾ ഒഴുക്കിൽപെട്ട ആനക്കുട്ടിയെ കണ്ടത്. ഒഴുക്കിനെതിരെ നീന്തി അവശനിലയിലായ ആന മുങ്ങുന്ന കാഴ്ച കണ്ടാണു രക്ഷിച്ചത്. തുടർന്ന് അഞ്ചുപേരും ചേർന്ന് ആനക്കുട്ടിയെ വള്ളത്തിലേക്കു വലിച്ചുകയറ്റി. തുടർന്ന് നാല് കി.മീ. ദൂരം ആനക്കുട്ടിയുമായി നദിയിലൂടെ സഞ്ചരിച്ച സംഘം കാദംബരി വനമേഖലയിലെത്തിച്ച് ആനക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കു കൈമാറി. ആനക്കുട്ടിയെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്കു പ്രതിഫലം നൽകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.