കെഎസ്ആർടിസിയിൽ ‘പ്രിയദർശിനി’, സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ

  • Home-FINAL
  • Business & Strategy
  • കെഎസ്ആർടിസിയിൽ ‘പ്രിയദർശിനി’, സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ

കെഎസ്ആർടിസിയിൽ ‘പ്രിയദർശിനി’, സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ


തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡർ വ്യക്തികളുടെയും യാത്ര സുഗമമാക്കുന്നതിനുള്ള കെഎസ്ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ ജൂൺ 15 മുതൽ ആരംഭിക്കും. മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഈ പദ്ധതി. പദ്ധതിയുടെ ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും സൗജന്യ യാത്ര അനുവദിക്കുക. ഇതിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷം മറ്റ് സർവീസുകളിലേക്കും വ്യാപിപ്പിക്കും. പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഈ ആനുകൂല്യം ലഭിക്കും. വരുമാന പരിധി ഉൾപ്പെടെയുള്ള യാതൊരുവിധ നിബന്ധനകളും പദ്ധതിക്കില്ല. സർക്കാർ ധനസഹായം: പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് പ്രതിവർഷം 800 കോടി രൂപയുടെയെങ്കിലും (പ്രതിമാസം 65–70 കോടി രൂപ) വരുമാനക്കു റവുണ്ടാകും. ഈ തുക സർക്കാർ കെഎസ്ആർടിസിക്ക് പൂർണമായും നൽകും. നിലവിൽ ശമ്പളവും പെൻഷനും നൽകാനായി പ്രതിവർഷം 1500 കോടി രൂപ (പ്രതിമാസം 125 കോടി) സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്നുണ്ട്. ഇതിന് പുറമെയായിരിക്കും പ്രിയദർശിനി പദ്ധതിക്കായുള്ള തുക അനുവദിക്കുകയെന്ന്‌ മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ ജീവനക്കാർക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ വ്യക്തമാക്കി. പദ്ധതിയുടെ പൂർണ്ണ ബാധ്യത സർക്കാർ ഏറ്റെടുക്കും. അതേസമയം, വരുന്ന ആറുമാസത്തിനുള്ളിൽ കെഎസ്ആർടിസി സ്വന്തം നിലയിൽ വരുമാനം വർദ്ധിപ്പിക്കാനുള്ള മറ്റ് മാർഗ്ഗങ്ങൾ കണ്ടെത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ ദിവസവും യാത്ര ചെയ്യുന്ന സ്ത്രീകളുടെ വിവരങ്ങൾ കെഎസ്ആർടിസി കൃത്യമായി ശേഖരിക്കുകയും, പ്രതിമാസ ബാധ്യത കണക്കാക്കി സർക്കാരിനെ അറിയിക്കുകയും ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ തുക അനുവദിക്കുക.

Leave A Comment