ഇന്ത്യൻ വിമാനക്കമ്ബനികളായ എയർ ഇന്ത്യയും ഇൻഡിഗോയും പശ്ചിമേഷ്യയിലേക്കും യൂറോപ്പിലേക്കും നിർത്തിവെച്ച സർവീസുകള്‍ പുനരാരംഭിച്ചു.ഇറാനും ഇസ്രയേലും വെടിനിർത്തല്‍ അംഗീകരിച്ചതോടെ സംഘർഷസാധ്യത കുറഞ്ഞത് മുൻനിർത്തിയാണ് നടപടി.ബുധനാഴ്ചയോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകള്‍ പൂർണമായി സാധാരണനിലയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് എയർ ഇന്ത്യ അറിയിച്ചു. യൂറോപ്പിലേക്കുള്ള വിമാനങ്ങളും സാവധാനം സേവനപാതയിലേക്ക് പ്രവേശിച്ചുതുടങ്ങി. അമേരിക്ക, കാനഡപോലുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകള്‍ എത്രയുംവേഗം തുടങ്ങാൻ നടപടിയുണ്ടാകുമെന്നും കമ്ബനി എക്സില്‍ കുറിച്ചു.
ഗള്‍ഫിലേക്കുള്ള സർവീസുകള്‍ സാധാരണ സമയക്രമത്തിലേക്കു വരുന്നതായി ഇൻഡിഗോ വ്യക്തമാക്കി. അതേസമയം, വഴിതിരിച്ചുവിടുന്നത് തുടരുന്നുണ്ട്. ഇറാൻ വ്യോമമേഖലയിലെ യാത്രാനിരോധനം ഇപ്പോഴും തുടരുകയാണ്. ഇത് യാത്രാസമയം കൂടാൻ കാരണമാകുന്നുവെന്നും ഇൻഡിഗോ അറിയിച്ചു.

