തിരഞ്ഞെടുപ്പ്‌ കാലത്ത്‌ ഭയം; ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം

  • Home-FINAL
  • Kerala
  • തിരഞ്ഞെടുപ്പ്‌ കാലത്ത്‌ ഭയം; ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം

തിരഞ്ഞെടുപ്പ്‌ കാലത്ത്‌ ഭയം; ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം


തിരുവനന്തപുരം: നേതൃത്വത്തെ വിമർശിച്ച് പൊട്ടിത്തെറിക്കുകയും പാർട്ടി ബന്ധം അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ച മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി.സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം ശ്രമം. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജി.സുധാകരനെ ഫോണിൽ വിളിച്ചു. സുധാകരനെ താൻ പരിഹസിച്ചിട്ടില്ലെന്നും മാധ്യമങ്ങളുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും അംഗത്വം പുതുക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ നിലപാട് ജി.സുധാകരൻ അറിയിച്ചു. അംഗത്വം പുതുക്കുന്നില്ലെന്ന സമൂഹമാധ്യമ കുറിപ്പിലൂടെയാണു പാർട്ടി വിടുകയാണെന്ന കൃത്യമായ സൂചന ജി.സുധാകരൻ നൽകിയത്. 63 വർഷത്തെ പാർട്ടി ബന്ധമാണ് ഉപേക്ഷിച്ചത്. അഞ്ചുവർഷമായി തുടരുന്ന അവഗണനയുടെ ഉദാഹരണങ്ങളാണ്‌ അദ്ദേഹം കുറിപ്പിൽ എണ്ണ‌ിപ്പറഞ്ഞത്‌. താൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ലെന്ന അർഥത്തിൽ പ്രതികരിച്ചു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കളിയാക്കി ചിരിച്ചത് എടുത്തു പറഞ്ഞിരുന്നു. അംഗത്വം പുതുക്കാതിരിക്കാൻ ഈ കാരണങ്ങളാണു പറയുന്നതെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനുള്ള താൽപര്യം പാർട്ടി ജനറൽ സെക്രട്ടറിയെ അറിയിച്ചിട്ടും പ്രതികരിക്കാത്തതും കാരണമായെന്നാണ്‌ സൂചനകൾ.

സുധാകരനെ അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി കളത്തിലിറക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് കേന്ദ്രങ്ങൾ സജീവമാക്കിയെങ്കിലും അദ്ദേഹം മനസ്സു തുറന്നിട്ടില്ല. കുറിപ്പിലുള്ളതിൽ കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു പ്രതികരണം. ജില്ലാ സെക്രട്ടറി ആർ.നാസർ ഫോണിൽ സംസാരിച്ചെങ്കിലും അംഗത്വ ഫോം പൂരിപ്പിച്ചു നൽകില്ലെന്നാണ് സുധാകരൻ പറഞ്ഞത്. സ്വന്തം തട്ടകമായ അമ്പലപ്പുഴയിൽ മത്സരിക്കണമെന്ന ആഗ്രഹം പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഏറെ അടുപ്പമുള്ളവരോടു സുധാകരൻ പങ്കുവച്ചിരുന്നു. സ്ഥാനാർഥികളെ ശുപാർശ ചെയ്യാൻ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ ചിലർ സുധാകരന്റെ പേരു നിർദേശിച്ചെങ്കിലും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആ നിർദേശം തള്ളി. ഇതിൽ ചോദ്യമുയർന്നപ്പോഴായിരുന്നു പരിഹാസ രൂപത്തിലുള്ള മറുപടിയാണ് എം.വി.ഗോവിന്ദൻ നൽകിയത്. ഇത് സുധാകരനെ വിഷമിപ്പിച്ചു. സമൂഹമാധ്യമക്കുറിപ്പിൽ അത് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ, സുധാകരൻ അമ്പലപ്പുഴയിൽത്തന്നെ മത്സരിക്കാനിറങ്ങുമെന്നു കരുതുന്നവരുണ്ട്.

Leave A Comment