നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധിച്ച വധ ശിക്ഷക്കെതിരെ അപ്പീൽ നൽകുന്ന കാര്യത്തിൽ ഗ്രീഷ്മയുടെ കുടുംബം ഉടൻ തീരുമാനം എടുക്കും. വധശിക്ഷ ഹൈക്കോടതിയുടെ രണ്ട് അംഗ ബെഞ്ച് പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുക. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ വിധിച്ചത് നിലനിൽക്കില്ല എന്ന നിലപാടിലാണ് ഗ്രീഷ്മയുടെ അഭിഭാഷകർ.
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ വിധിക്കരുത് എന്ന് മേൽക്കോടതികൾ പലപ്പോഴും നിർദ്ദേശിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത 24 വയസ്സുള്ള ഒരു പെൺകുട്ടിയാണെന്നതും പ്രതിക്ക് അനുകൂല ഘടകം ആയിരുന്നു. പക്ഷേ ഇതൊന്നും പരിഗണിക്കാതെയാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത് എന്നാണ് പ്രതിഭാഗത്തിന്റെ പരാതി. അഭിഭാഷകരുമായി ഗ്രീഷ്മയുടെ മാതാപിതാക്കൾ കൂടിക്കാഴ്ച നടത്തും. ഇതിനുശേഷമായിരിക്കും അപ്പീൽ നൽകുക. ശിക്ഷ വിധിച്ച 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാനുള്ള സാവകാശം പ്രതിഭാഗത്തിനുണ്ട്. കേസിൽ ഒന്നാംപ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷയും, തെളിവ് നശിപ്പിച്ചതിന് മൂന്നാം പ്രതിയായ അമ്മാവൻ നിർമല കുമാരന് മൂന്നുവർഷം തടവുമാണ് കോടതി വിധിച്ചത്.

