സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ “GSS ലയം പൊന്നോണം 2026” ന് തുടക്കമായി, കഴിഞ്ഞ ദിവസം സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ പത്ര പ്രവർത്തകനും, ദി ഡെയിലി ട്രിബ്യൂൺ, ന്യൂസ് ഓഫ് ബഹറിൻ, ഫോർ പി എം ന്യൂസ് എന്നിവയുടെ എക്സിക്യൂട്ടീവ് എഡിറ്ററുമായ പ്രദീപ് പുറവങ്കര ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

നിലവിലെ പശ്ചിമേഷൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ ചെലവ് ചുരുക്കി സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന സഹജീവികളെ ചേർത്തു നിർത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രദീപ് പറഞ്ഞു.

തുടർന്ന് നടന്ന ഓണപ്പുടവ മത്സരത്തിൽ നാല് വിഭാഗങ്ങളായി 30 ഓളം കുടുംബാംഗങ്ങൾ പങ്കെടുത്തു, വിജയികൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനമായി നൽകി. ഓണപ്പുടവ മത്സരത്തിൽ സോണിയ വിനു, നക്ഷത്ര ബിജു എന്നിവർ വിധികർത്താക്കളായിരുന്നു,

നന്ദൻ അയിരൂരും സംഘവും അവതരിപ്പിച്ച വഞ്ചിപ്പാട്ട്, ഓണപ്പാട്ടുകാർ തുടങ്ങിയവ ഉദ്ഘാടന ചടങ്ങുകൾക്ക് മിഴിവേകി.

കുടുംബാംഗങ്ങളും കുട്ടികളുമായി നിറഞ്ഞ സദസ്സിൽ നടന്ന ചടങ്ങിൽ ചെയർമാൻ സനീഷ് കൂറുമുള്ളിൽ അധ്യക്ഷത വഹിച്ചു, ജി. എസ്. എസ്. ലേഡീസ് വിങ് സെക്രട്ടറി സിന്ധു റോയി സ്വാഗതവും ലേഡീസ് വിങ് കൾച്ചറൽ സെക്രട്ടറി വിദ്യാ രാജേഷ് നന്ദിയും രേഖപ്പെടുത്തി.

സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, വൈസ് ചെയർമാൻ സതീഷ് കുമാർ എന്നിവർ ആശംസ അറിയിച്ചു.”GSS ലയം പൊന്നോണം 2026″ ഓണപ്പുടവ മത്സരത്തിന്റെ ജനറൽ കൺവീനർ വിനീത അരുൺ, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ഓഗസ്റ്റ് 14 ആം തീയതി വെള്ളിയാഴ്ച വൈകിട്ട് 6.00 മണി മുതൽ പായസ മത്സരവും, പായസമേളയും തുടർന്ന് 21 ആം തീയതി വെള്ളിയാഴ്ച വൈകിട്ട് അത്തപ്പൂക്കള മത്സരവും,തുടർന്ന് സെപ്റ്റംബർ 4 ന് ജി. എസ്. എസ് ഓണ സദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
