ന്യൂഡൽഹി: പാർട്ടിയിലോ കോൺഗ്രസിലോ മുന്നണിയിലോ ആലോചിക്കാതെ മുഖ്യമന്ത്രി വി. ഡി. സതീശൻ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നുവെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാതിയിൽ പരിഹാരത്തിനായി ഹൈക്കമാൻഡ് ഇടപെടുന്നതായി സൂചന. ഹൈക്കമാൻഡ് നേതൃത്വത്തിൽ സർക്കാർ-പാർട്ടി ഏകോപന സമിതി വന്നേക്കും.
ഈ വിഷയത്തിൽ ചർച്ച നടക്കാനാണ് സാധ്യത. ഈ സംവിധാനം വേണമെന്ന് നേരത്തെ കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ്മുൻഷി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്മേൽ മുഖ്യമന്ത്രിയുടെ നിലപാടും തേടും. അടൂർപ്രകാശിന്റെ നീക്കത്തിൽ വിഡി പക്ഷം കടുത്ത അതൃപ്തിയിലാണ്.
അതേസമയം, മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ കടുത്ത നിലപാട് തുടരുകയാണ് അടൂര്‍ പ്രകാശ്. വി.ഡി. സതീശനെതിരെയുള്ള രേഖാമൂലമുള്ള പരാതി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിയ അടൂർ പ്രകാശ് രാഹുൽ ഗാന്ധിക്കും ഇന്ന് പരാതി നൽകിയേക്കും. മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ഡൽഹിയിൽ തുടരുകയാണ്. സണ്ണി ജോസഫും മല്ലികാർജുൻ ഖാർഗെയെ കണ്ട് സ്ഥിതിഗതികൾ വിശദീകരിച്ചിട്ടുണ്ട്. അടൂർ പ്രകാശിന്റെ പരാതി ഹൈക്കമാൻഡ് പരിശോധിക്കുമെന്നും, പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങൾ നേതാക്കൾ പരസ്യമായി പറയരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഒപ്പം മന്ത്രിസ്ഥാനം ഏറ്റെടുത്തതിനാൽ പൂർണസമയ കെപിസിസി അധ്യക്ഷനെ ഉടൻ കണ്ടെത്തണമെന്ന ആവശ്യവും നിലവിലുണ്ട്.
