കൊച്ചി: നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിതിൻറെ കൊലപാതകത്തിൽ സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയിൽ എന്തുകൊണ്ട് കേസ് എടുത്തില്ല എന്നാണ് കോടതിയുടെ ചോദ്യം. കുട്ടിയെ അമ്മ അഖിലയും രണ്ടാനച്ഛൻ അഷ്കറും ചേർന്ന് പീഡിപ്പിക്കുന്ന വിവരം മുത്തശ്ശി റീന ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ വിളിച്ച് അറിയിച്ചിരുന്നു. ആ പരാതിയിൽ എന്തുകൊണ്ട് സർക്കാർ നടപടി എടുത്തില്ല എന്നാണ് കോടതി ചോദിക്കുന്നത്. വനിതാ ശിശു ക്ഷേമ വകുപ്പിനെ കോടതി കേസിൽ കക്ഷി ചേർത്തു. സംഭവത്തിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകിയിരിക്കുന്നത്.
അന്വേഷണ പുരോഗതിയുടെ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. കേസ് എടുക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നാണ് കോടതിയുടെ കണ്ടെത്തൽ. മേയ് 23നാണ് രണ്ടാനച്ഛൻറെ മർദനമേറ്റ് ഒന്നര വയസുകാരൻ കൊല്ലപ്പെട്ടത്. കുഞ്ഞിന് പരിക്കേറ്റ വിവരം കൃത്യസമയത്ത് ലഭിച്ചിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കാതിരുന്ന താത്കാലിക ജീവനക്കാരനെ മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദേശത്തെ തുടർന്ന് ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു. അതേസമയം, കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ ഉണ്ടായിരുന്നതായും വാരിയെല്ലുകൾ തകർന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
കൊലപാതകത്തിന് ആഴ്ചകൾക്ക് മുമ്പ് മേയ് മൂന്നിന് ആയിരുന്നു കുട്ടിയുടെ മുത്തശ്ശി റീന ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ വിളിച്ച് സഹായം തേടിയത്. കുട്ടിയുടെ രണ്ടു കൈകളും ഒടിഞ്ഞ നിലയിലുള്ള ഫോട്ടോ സഹിതം വിവരം അറിയിച്ചിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ ഇത് നിസാരമായി തള്ളിക്കളയുകയായിരുന്നു. കുഞ്ഞ് കരഞ്ഞത് പ്രകോപനമായെന്നും ഭാവിയിൽ കുട്ടി തനിക്ക് ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും പ്രതി അഷ്കർ മൊഴി നൽകിയിരുന്നു. കൊലപാതകത്തിന് മുമ്പും കുട്ടി നിരന്തരം പീഡനം അനുഭവിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു.
