വാഷിങ്ടൻ: ഇന്ത്യക്കാരെ കൊല്ലാൻ തിടുക്കമാകുന്നു എന്ന് വ്യക്തമാക്കി‘ഒരു സ്പെഷൽ ദിവസം’, എന്നാണ് യുഎസിലെ ഷിക്കാഗോ ഇലിനോയിയിലുള്ള ഹിന്ദു ക്ഷേത്രത്തിനുനേരെ ആക്രമണം പത്തൊമ്പതുകാരൻ അലക്സാണ്ട്രോസ് പപോരാകിസ് പദ്ധതിയിട്ടതായി കൂക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫിസ് പ്രോസിക്യൂട്ടർമാർ വെളിപ്പെടുത്തി. ഇന്ത്യക്കാരെ ലക്ഷ്യമിട്ട് ക്ഷേത്രത്തിൽ കൂട്ടവെടിവയ്പ് നടത്താനുള്ള പദ്ധതിയെക്കുറിച്ച് പപോരാകിസ് തയ്യാറാക്കിയ എട്ടുപേജ് വരുന്ന രേഖയും യുഎസ് പൊലീസിന് ലഭിച്ചിട്ടുണ്ട്.
‘എന്തിനാണ് ഞാൻ പോരാടുന്നത്; ഒറോറ ഷൂട്ടേഴ്സ് മാനിഫെസ്റ്റോ’ എന്ന തലക്കെട്ടിലുള്ള രേഖകളാണ് പപോരാകിസിൽനിന്ന് കണ്ടെടുത്തത്. ജൂതരും ഇന്ത്യക്കാരും ആഫ്രിക്കൻ അമേരിക്കൻ വംശജരും മൃഗതുല്യരാണെന്നും ഇവരിൽ കഴിയുന്നയത്രയും പേരെ കൊന്നൊടുക്കണമെന്നുമാണ് ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് അസോഷ്യേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഒറോറയിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രമായ ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ ആക്രമണം നടത്താനായിരുന്നു ഇയാളുടെ പദ്ധതി.
ഇയാളുടെ പദ്ധതിയെക്കുറിച്ച് സഹപ്രവർത്തകരിൽ ഒരാൾ തന്നെയാണ് പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് പൊലീസ് അടിയന്തരമായി ഇടപെട്ടതോടെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ഒറോറയിലെ ക്ഷേത്രത്തിൽ വെടിവയ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെ ഞായറാഴ്ച ഉച്ചയ്ക്കുശേഷം വീട്ടിൽനിന്ന് ഇറങ്ങിയ പപോരാകിസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ വീട്ടിൽനിന്ന് തോക്കുകളും മാഗസിനുകളും വെടിയുണ്ടകളും കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.