ഡാനാ മാളിൽ പ്രവർത്തിച്ചിരുന്ന IVS ഗ്ലോബൽ സർവീസസ് നൽകിവന്നിരുന്ന പാസ്‌പോർട്ട്, വിസ, എന്നിവയുൾപ്പെടെയുള്ള എല്ലാ കോൺസുലാർ സേവനങ്ങളും ജൂലൈ 1 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.ഞായർ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പ്രവർത്തന സമയം. എന്നാല്‍, പൊതുഅവധി ദിവസങ്ങളില്‍ കോണ്‍സുലാർ സേവനങ്ങള്‍ ലഭിക്കുകയില്ല. രേഖകള്‍ കൈപ്പറ്റാനായുള്ള സമയം വൈകുന്നേരം അഞ്ചു മുതല്‍ 5:45 വരെയാണ്. അതിന് അപ്പോയിന്റ്മെന്‍റിന്‍റെ ആവശ്യമില്ല എന്നും അറിയിച്ചിട്ടുണ്ട്.ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയിലും കാര്യക്ഷമമായും ലഭ്യമാക്കുക എന്നതാണ് ഈ നീക്കം കൊണ്ട് ലക്ഷ്യമിടുന്നത്.
അപേക്ഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
അപേക്ഷകർ ‘EoIBHConnect’ എന്ന ആപ് വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. ആൻഡ്രോയിഡിലും ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിലും ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. എമർജൻസി സർട്ടിഫിക്കറ്റ് അപേക്ഷകർക്ക് മാത്രമാണ് വാക്ക്-ഇൻ ആയി പ്രവേശനം അനുവദിക്കുക.
അപേക്ഷകർ ശരിയായി പൂരിപ്പിച്ച അപേക്ഷ ഫോറവും എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.eoibahrain.gov.in) വ്യക്തമാക്കിയ എല്ലാ രേഖകളും കൈവശം കരുതണം.പണമായി മാത്രമാണ് പേമെന്റുകള്‍ സ്വീകരിക്കുക. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഫീസ് ചാർട്ട് അനുസരിച്ച് കൃത്യമായ തുക കൊണ്ടുവരാൻ അപേക്ഷകർ ശ്രദ്ധിക്കണം.പാസ്പോർട്ടുകളും മറ്റ് പ്രോസസ് ചെയ്ത രേഖകളും ഞായർ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചിനും 5:45 നും ഇടയില്‍ മാത്രമെ നല്‍കുകയുള്ളൂ. പൊതുഅവധി ദിവസങ്ങളില്‍ ഈ സേവനം ലഭിക്കുകയില്ല. രേഖകള്‍ കൈപ്പറ്റാൻ മുൻകൂട്ടിയുള്ള അപ്പോയിന്റ്മെന്റ് ആവശ്യമില്ല.കൂടുതല്‍ അന്വേഷണങ്ങള്‍ക്കും സഹായത്തിനും അപേക്ഷകർക്ക് കോണ്‍സുലാർ ടീമുമായി ബന്ധപ്പെടാം.
ഫോണ്‍: +973-17560360.
പാസ്പോർട്ട്/മറ്റ് സേവനങ്ങള്‍ക്കായി: cons.bahrain@mea.gov.in. വിസ, ഒ.സി.ഐ, അറ്റസ്റ്റേഷൻ എന്നിവക്കായി cons2.bahrain@mea.gov.in ഇ-മെയിലിലും ബന്ധപ്പെടാം.

