ന്യൂഡൽഹി: ഇന്ത്യൻ ഇതിഹാസ ഷൂട്ടിംഗ് താരവും ദേശീയ കോച്ചുമായ ജസ്‌പാൽ റാണ (49) അന്തരിച്ചു. ഡൽഹിയിലെ മാക്‌സ് ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. അടുത്തിടെ സ്റ്റെന്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പാരീസ് ഒളിംപിക്‌സിൽ രണ്ട് മെഡലുകൾ നേടിയ ഇന്ത്യൻ ഷൂട്ടിംഗ് വിസ്‌മയം മനു ഭാക്കറിന്റെ കോച്ചാണ് റാണ. ജർമനിയിൽ നടന്ന ഐഎസ്എസ്‌എഫ് ലോകകപ്പ് മത്സരത്തിനിടെ റാണയ്ക്ക് നെഞ്ചുവേദന അനുഭവ പ്പെട്ടിരുന്നു. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ഷൂട്ടിംഗ് കോച്ച് ആയി ഉയരുന്നതിന് മുൻപ് രാജ്യം കണ്ട ഏറ്റവും മികച്ച പിസ്റ്റൾ ഷൂട്ടറായിരുന്നു അദ്ദേഹം. 1976 ജൂൺ 28ന് ഉത്തരാഖണ്ഡിൽ ജനനം. 1994ലാണ് അന്താരാഷ്ട്ര മത്സരങ്ങളിൽ ചുവടുവച്ചത്. മിലാനിൽ നടന്ന ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ലോക റെക്കോർഡ് സ്കോറോടെ അദ്ദേഹം സ്വർണം നേടി. ആ വർഷം തന്നെ ഏഷ്യൻ ഗെയിംസിൽ 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിലും സ്വർണം നേടി.
ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയിലുടനീളം മെഡലുകൾ വാരിക്കൂട്ടി. ഒൻപത് സ്വർണ മെഡലുൾപ്പെടെ 15 മെഡലുകളുമായി ഇന്ത്യയുടെ ഏറ്റവും മികച്ച കോമൺവെൽത്ത് ഗെംയിസ് ഷൂട്ടർ എന്ന ഖ്യാതിയും അദ്ദേഹത്തിന് സ്വന്തമാണ്. 1994, 1998, 2002, 2006 കോമൺവെൽത്ത് ഗെയിംസ് മത്സരങ്ങളിലും അദ്ദേഹം ആധിപത്യം തെളിയിച്ചു. 18ാം വയസിൽ അർജുന അവാർഡ് സ്വന്തമാക്കി. മൂന്നുവർഷത്തിനുശേഷം രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. മത്സരയിനങ്ങളിൽ നിന്ന് വിരമിച്ച റാണ 2012ൽ പരിശീലനം നൽകുന്നത് ആരംഭിച്ചു. ഷൂട്ടിംഗ് രംഗത്ത് പുതുതലമുറയെ വാർത്തെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
