കോട്ടയം: ഇറാനിലെ കെർമാൻ മെഡിക്കൽ സയൻസ് സർവകലാശാലയിൽ മലയാളികളായ 12 എംബിബിഎസ് വിദ്യാർഥികൾ രാജ്യത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടർന്ന് ഹോസ്റ്റലിൽ കുടുങ്ങി. ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടതിനാലും ആശയവിനിമയ സംവിധാനങ്ങൾ കർശനമായി നിരീക്ഷിക്കപ്പെടുന്നതിനാലും കേരളത്തിലുള്ള മാതാപിതാക്കൾക്ക് ഇവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല. മലപ്പുറം, കോട്ടയം, എറണാകുളം, കാസർകോട് ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളാണ് ഇവർ. കെർമാനിലെ ആസാദി സ്ക്വയറിനു സമീപമുള്ള ഡോർമിറ്ററിയിലാണ് ഇവരുള്ളത്.
പഠനം എപ്പോൾ പുനഃരാരംഭിക്കാൻ കഴിയുമെന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്ത സാഹചര്യത്തിൽ, കുടുംബങ്ങളുമായി ആശയവിനിമയം നടത്താൻ വിശ്വസനീയമായ മാർഗങ്ങളൊന്നുമില്ലാതെ വിദ്യാർഥികൾ നിരന്തരമായ ഭയത്തിലും കടുത്ത മാനസിക സമ്മർദ്ദത്തിലുമാണ് കഴിയുന്നതെന്ന് മാതാപിതാക്കൾ വിദേശകാര്യമന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നു.
വിദ്യാർഥികളുടെ പക്കൽ പണമില്ലാത്തതും നാട്ടിൽനിന്നു പണമയക്കാൻ കഴിയാത്തതും സ്ഥിതി ഗുരുതരമാക്കുന്നു. ക്ലാസുകൾ നിർത്തിവയ്ക്കുകയും പരീക്ഷകൾ മാർച്ചിലേക്കു മാറ്റുകയും ചെയ്തിരിക്കുകയാണ്. ഓൺലൈൻ ക്ലാസുകളും തടസ്സപ്പെട്ടു. വിദ്യാർഥികളെ എത്രയും വേഗം നാട്ടിലെത്തിക്കാൻ മാതാപിതാക്കൾ സംസ്ഥാന സർക്കാരിന്റെയും സഹായം തേടിയിട്ടുണ്ട്. ഇറാനിലുള്ള മലയാളികളുടെ കണക്കുകൾ നോർക്ക ശേഖരിച്ചു വരികയാണ്.

