ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിക്ക് ജൂനിയർ ബാഡ്മിന്റൺ കിരീടം

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിക്ക് ജൂനിയർ ബാഡ്മിന്റൺ കിരീടം

ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിക്ക് ജൂനിയർ ബാഡ്മിന്റൺ കിരീടം


ഇക്കഴിഞ്ഞ മെയ് 29 മുതൽ 31 വരെ ജുഫൈറിലെ അൽ നാസിർ ക്ലബ്ബിൽ നടന്ന ബി‌ബി‌എസ്‌എഫ്–പവർജേഡ് ജൂനിയർ ബഹ്‌റൈൻ റാങ്കിംഗ് സർക്യൂട്ട് രണ്ടിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. ബഹ്‌റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷൻ (ബി‌ബി‌എസ്‌എഫ്) അനുവാദത്തോടെയുള്ള മത്സരത്തിൽ രാജ്യത്തുടനീളമുള്ള മികച്ച ജൂനിയർ ബാഡ്മിന്റൺ കളിക്കാർ പങ്കെടുത്തിരുന്നു. ഇന്ത്യൻ സ്കൂളിന്റെ മെഡൽ നേട്ടത്തിൽ മുന്നിൽ നിൽക്കുന്നത് ഏഴാം ക്ലാസ് വിദ്യാർത്ഥി അർജുൻ അരുൺകുമാറാണ്. നാല് വിഭാഗങ്ങളിലായി അർജുൻ ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ നേടി ശ്രദ്ധേയമായ കഴിവും ദൃഢനിശ്ചയവും പ്രകടിപ്പിച്ചു. അണ്ടർ 13 സിംഗിൾസ്, അണ്ടർ 13 ഡബിൾസ്, അണ്ടർ 15 ഡബിൾസ് എന്നിവയിൽ ജേതാവായ അർജുൻ അണ്ടർ 15 സിംഗിൾസ് വിഭാഗത്തിൽ റണ്ണർ അപ്പായി. തുടർച്ചയായ രണ്ടാം വർഷവും അർജുൻ തന്റെ റാങ്കിംഗ് കിരീടങ്ങൾ വിജയകരമായി നിലനിർത്തി കായികരംഗത്തെ തന്റെ സ്ഥിരതയും മികവും പ്രകടമാക്കി. അണ്ടർ 13 ഡബിൾസ് വിഭാഗത്തിൽ ഇന്ത്യൻ സ്‌കൂൾ ഏഴാം ക്ലാസിലെ വൈ. രാമയും അണ്ടർ 15 ഡബിൾസിൽ എട്ടാം ക്ലാസിലെ ധീരജ് ശ്യാമും റണ്ണർ അപ്പ് സ്ഥാനം നേടി. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ഫിസിക്കൽ എജ്യുക്കേഷൻ മേധാവി ശ്രീധർ ശിവ സാമിയ്യ എന്നിവർ വിജയികളെ അനുമോദിച്ചു.

Leave A Comment