കാഞ്ഞങ്ങാട്: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്നു പറഞ്ഞ് വിദേശ അക്കൗണ്ടിലേക്ക് 126 കോടി രൂപ കൈമാറിയ സംഭവത്തിൽ ജി.എസ്.ടി വകുപ്പിന്റെ അന്വേഷണം. സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലുമായി ബന്ധപ്പെട്ട ആന്റോ അഗസ്റ്റിൻ കാഞ്ഞങ്ങാട് ജി.എസ്.ടി ഓഫീസിലെത്തി മൊഴി നൽകി. ഇടപാടിൽ 22.68 കോടി രൂപ സേവന നികുതി (GST) അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഇന്റലിജൻസ് വിഭാഗം സമൻസ് അയച്ചത്. വിദേശ അക്കൗണ്ടിലേക്ക് പണം അയച്ചതിനാൽ ‘റിവേഴ്സ് ചാർജ്’ വ്യവസ്ഥ പ്രകാരം സേവന നികുതി നൽകാൻ കമ്പനി ബാധ്യസ്ഥരാണെന്ന് ജി.എസ്.ടി അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ, മെസ്സി കേരളത്തിൽ എത്തിയിട്ടില്ലാത്തതിനാൽ സേവന നികുതി അടയ്ക്കേണ്ടതില്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. പക്ഷേ, പണം വിദേശത്തേക്ക് കൈമാറിയ സാഹചര്യത്തിൽ നികുതി ഒഴിവാക്കാനാകില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് മെസ്സിയെ കേരളത്തിലെത്തിക്കാൻ നീക്കം നടന്നത്. അന്നത്തെ കായികമന്ത്രി വി. അബ്ദുറഹിമാൻ മെസ്സി കേരളത്തിൽ കളിക്കുമെന്ന് ഒന്നിലധികം തവണ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ സന്ദർശനം യാഥാർത്ഥ്യമായില്ല. ഇതിനിടെ കാഞ്ഞങ്ങാട് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിലാണ് പണം കൈമാറിയതായും നികുതി അടച്ചിട്ടില്ലെന്നും വ്യക്തമായത്. തുടർന്ന് ആദ്യം നോട്ടീസും പിന്നീട് സമൻസും അയച്ചെങ്കിലും, അന്വേഷണ ഉദ്യോഗസ്ഥന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെ നടപടികൾ മന്ദഗതിയിലായി. പിന്നീട് വന്ന യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് നിർജീവമായ ഫയൽ വീണ്ടെടുത്ത് സമൻസ് അയക്കുന്നതിലേക്കും മൊഴിയെടുക്കുന്നതിലേക്കും കാര്യങ്ങളെത്തിയത്.
