കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കി യുഎഇ; 15 വയസ്സിൽ താഴെയുള്ളവർക്ക് ഇനി സ്വന്തമായി അക്കൗണ്ട് ഉണ്ടാകില്ല

  • Home-FINAL
  • Business & Strategy
  • കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കി യുഎഇ; 15 വയസ്സിൽ താഴെയുള്ളവർക്ക് ഇനി സ്വന്തമായി അക്കൗണ്ട് ഉണ്ടാകില്ല

കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കി യുഎഇ; 15 വയസ്സിൽ താഴെയുള്ളവർക്ക് ഇനി സ്വന്തമായി അക്കൗണ്ട് ഉണ്ടാകില്ല


ദുബൈ: കുട്ടികളുടെ ഡിജിറ്റൽ സുരക്ഷിതത്വം ഉറപ്പാക്കാൻ വിപ്ലവകരമായ തീരുമാനവുമായി യുഎഇ. 15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് രാജ്യം പൂർണ്ണമായി നിരോധിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ നിയമപ്രകാരം കുട്ടികളുടെ ഓൺലൈൻ ഇടപെടലുകൾക്ക് കർശനമായ അതിരുകളാണ് നിശ്ചയിച്ചിരിക്കുന്നത്. 2024-ലെ സർവേ പ്രകാരം യുഎഇയിലെ കുട്ടികൾ ദിവസവും ശരാശരി മൂന്ന് മണിക്കൂറിലധികം സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നുണ്ട്. ഇത് കുട്ടികളിൽ ഉത്കണ്ഠ, പഠന വൈകല്യങ്ങൾ, ശ്രദ്ധക്കുറവ്, സംസാരശേഷി വൈകൽ എന്നിവയ്ക്ക് കാരണമാകുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുകെ, ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ മാതൃക പിന്തുടർന്നാണ് യുഎഇയുടെ ഈ നടപടി. നാഷണൽ മീഡിയ അതോറിറ്റി, ടെലികമ്മ്യൂണിക്കേഷൻസ് ആന്റ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) എന്നിവയ്ക്കാണ് നിയമത്തിന്റെ മേൽനോട്ട ചുമതല. നിയമം ലംഘിക്കുന്ന സോഷ്യൽ മീഡിയ കമ്പനികൾക്ക് കടുത്ത പിഴ ചുമത്താനും, ആവശ്യമെങ്കിൽ രാജ്യത്ത് അവരുടെ സേവനം ഭാഗികമായോ പൂർണ്ണമായോ നിരോധിക്കാനും അതോറിറ്റികൾക്ക് അധികാരമുണ്ട്. പുതിയ നിയമത്തിലേക്ക് മാറുന്നതിനായി സോഷ്യൽ മീഡിയ കമ്പനികൾക്ക് 12 മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.

പുതിയ നിയമത്തിലെ പ്രധാന നിർദ്ദേശങ്ങൾ:

  • പൂർണ്ണ നിരോധനം: 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ സ്വന്തമായി പ്രൊഫൈൽ നിർമിക്കാനോ, കമന്റ് ചെയ്യാനോ, ഓപ്പൺ ചാനലുകളിലും ഗ്രൂപ്പുകളിലും ഭാഗമാകാനോ അനുവാദമുണ്ടാകില്ല. മാതാപിതാക്കൾ സമ്മതിച്ചാൽ പോലും ഈ നിയമത്തിൽ ഇളവ് ലഭിക്കില്ല.
  • 15-16 പ്രായക്കാർക്ക് നിയന്ത്രണം: 15-നും 16-നും ഇടയിൽ പ്രായമുള്ളവർക്ക് അക്കൗണ്ട് ഉപയോഗിക്കാമെങ്കിലും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. അപരിചിതരുമായുള്ള ചാറ്റിങ് തടയൽ, സമയപരിധി നിശ്ചയിക്കൽ, പേരന്റൽ കൺട്രോൾ സംവിധാനം എന്നിവ പ്ലാറ്റ്‌ഫോമുകൾ നിർബന്ധമായും ഒരുക്കണം.
  • കൃത്യമായ പ്രായപരിശോധന: വെറുതെ പ്രായം ടൈപ്പ് ചെയ്ത് നൽകുന്ന രീതി ഇനി നടപ്പില്ല. ഡിജിറ്റൽ ഐഡന്റിറ്റി, ബയോമെട്രിക് ടൂളുകൾ (AI പിന്തുണയോടെ) എന്നിവ വഴി കൃത്യമായ പ്രായം പ്ലാറ്റ്‌ഫോമുകൾ ഉറപ്പുവരുത്തണം.
  • പരസ്യങ്ങൾക്ക് വിലക്ക്: കുട്ടികളെ ലക്ഷ്യമിട്ടുള്ള ടാർഗെറ്റഡ്/ബിഹേവിയറൽ പരസ്യങ്ങൾ നൽകാനോ അവരുടെ വിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ കമ്പനികൾക്ക് അവകാശമുണ്ടായിരിക്കില്ല.
  • 15 വയസ്സിന് താഴെയുള്ള കുട്ടികൾ നിയമവിരുദ്ധമായി ഉണ്ടാക്കിയ അക്കൗണ്ടുകൾ കണ്ടെത്തി ഉടനടി സസ്പെൻഡ് ചെയ്യാൻ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം, കുട്ടികൾ വ്യാജ പ്രായം കാണിച്ച് അക്കൗണ്ട് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത രക്ഷിതാക്കൾക്കായിരിക്കും.

Leave A Comment