പ്രവാസി മലയാളികളുടെ സുരക്ഷയും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയുടെ രജിസ്ട്രേഷൻ നടപടികൾക്ക് സഹായം നൽകുന്നതിനായി കെഎംസിസി ബഹ്റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പെഷൽ ഹെൽപ് ഡെസ്കിന്റെ ഉദ്ഘാടനം കെഎംസിസി ഹാളിൽ കെഎംസിസി ബഹ്റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു. നോർക്ക,പ്രവാസി ക്ഷേമനിധി, ചികിത്സാ സഹായം, വിവാഹ സഹായം,
നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ, പോളിസിയുടെ ആനുകൂല്യങ്ങൾ, രജിസ്ട്രേഷൻ നടപടികൾ തുടങ്ങിയവ സംബന്ധിച്ച് പ്രവാസികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും സഹായങ്ങളും ഹെൽപ് ഡെസ്കിലൂടെ ലഭ്യമാക്കും.ദിവസവും വൈകിട്ട് 7 മണി മുതൽ രാത്രി 10മണി വരെ കെഎംസിസി ബഹ്റൈൻ സ്റ്റേറ്റ് ഓഫീസിലാണ് പ്രത്യേകമായി സജ്ജീകരിക്കുന്ന ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക.കെഎംസിസി അംഗങ്ങൾ അടക്കമുള്ള നിരവധി പ്രവാസികൾക്കു സേവനം പ്രയോജനപ്പെടുത്താനും പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനും ഹെൽപ് ഡെസ്ക് സഹായകരമാവും.
നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിന് നോർക്ക പ്രവാസി കാർഡ് നിർബന്ധമാണ്. പ്രവാസി കാർഡിനായി അപേക്ഷിക്കുന്നവർ പാസ്പോർട്ട് കോപ്പി, ഫോട്ടോ, വിസ കോപ്പി ഫോട്ടോ, ഇ-മെയിൽ ഐഡി, പോസ്റ്റൽ കോഡ് ഉൾപ്പെടെയുള്ള വിലാസ വിവരങ്ങൾ, ഫോൺ നമ്പർ തുടങ്ങിയ ആവശ്യമായ രേഖകളും വിവരങ്ങളും കൈയിൽ കരുതണമെന്ന് ബഹ്റൈൻ കെഎംസിസി ഭാരവാഹികൾ അറിയിച്ചു.കെഎംസിസി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് റഫീഖ് തോട്ടക്കര അധ്യക്ഷനായിരുന്നു.
നോർക്ക കെയർ പ്ലസ് പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് രജിസ്ട്രേഷൻ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കുന്നതിനായി ഹെൽപ് ഡെസ്കിന്റെ സേവനം പ്രയോജനപ്പെടുത്താമെന്നും ഭാരവാഹികൾ അറിയിച്ചു.അസ്സൈനാർ കളത്തിങ്കൽ, സഹീർ കട്ടമ്പള്ളി, ഫൈസൽ കണ്ടിതാഴ, ഇസ്ഹാഖ് വില്ല്യാപള്ളി, ഉമ്മർ മലപ്പുറം, അഷ്റഫ് അഴിയൂർ, അൻവർ കുമ്പിടി, സിദീക് അദ്ലിയ, റഫീഖ് റഫ, സുബൈർ കച്ചേരിമുക്ക്, ഷഫീക്, എന്നിവർ സംസാരിച്ചു. എ പി ഫൈസൽ സ്വാഗതവും എൻ കെ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.കൂടുതൽ വിവരങ്ങൾക്കായി 34599814, 39603415 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.