കേരള പ്രവാസി ക്ഷേമനിധി ബോർഡിൽ വർഷങ്ങളായി അംഗങ്ങളായി അംശാദായം അടച്ചിട്ടും പെൻഷൻ പ്രായത്തിലെത്തുമ്പോൾ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആനുകൂല്യം നിഷേധിച്ചിരുന്ന ഇടതു പക്ഷ സമീപനം അവസാനിപ്പിക്കണമെന്ന് കെഎംസിസി ബഹ്‌റൈൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനം മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ച് കേരള പ്രവാസി ക്ഷേമനിധി ബോർഡിന് തുടർനടപടികൾക്കായി കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കെഎംസിസി ബഹ്‌റൈന് മറുപടി ലഭിച്ചു.
രോഗം, തൊഴിൽ നഷ്ടം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ കാരണങ്ങളാൽ ഏതാനും മാസങ്ങൾ അംശാദായം അടയ്ക്കാൻ കഴിയാതെ വന്ന നിരവധി പ്രവാസികൾ പിന്നീട് കുടിശ്ശികയും പിഴയും അടച്ച് അംഗത്വം പുതുക്കാൻ ശ്രമിച്ചെങ്കിലും പ്രവാസി പെൻഷന് അർഹതയില്ലന്ന് അറിയിക്കുകയായിരുന്നുവെന്ന് കെഎംസിസി ബഹ്റൈൻ ചൂണ്ടിക്കാട്ടി. ഓൺലൈനിലൂടെ അംശാദായം അടയ്ക്കാൻ ശ്രമിക്കുമ്പോൾ “അംഗത്വം നഷ്ടപ്പെട്ടു” എന്ന സന്ദേശമാണ് ലഭിക്കുന്നതെന്നും 60 വയസ് കഴിഞ്ഞാൽ അംഗത്വം പുനഃസ്ഥാപിക്കാനാകില്ലെന്ന നിലവിലെ ചട്ടം ആയിരക്കണക്കിന് പ്രവാസികളെ പെൻഷൻ ആനുകൂല്യത്തിൽ നിന്ന് അകറ്റുകയാണെന്നും കെഎംസിസി
ബഹ്റൈൻ ആരോപിച്ചു.
രോഗം, തൊഴിൽ നഷ്ടം തുടങ്ങിയ ജീവിതസാഹചര്യങ്ങൾ മൂലം ഒന്നോ രണ്ടോ മാസത്തെ അംശാദായം മുടങ്ങിയതിന്റെ പേരിൽ വർഷങ്ങളായി അടച്ച അംശാദായവും പെൻഷൻ അവകാശവും ഒരുമിച്ച് നഷ്ടപ്പെടുത്തുന്നത് നീതിയല്ലെന്നാണ് പ്രവാസികളുടെ ആക്ഷേപം. കുടിശ്ശികയും പിഴയും ഒരുമിച്ച് അടച്ച് അംഗത്വം നിലനിർത്താൻ അവസരം നൽകാതെ അംഗത്വം റദ്ദാക്കുന്ന നിലവിലെ രീതി പുനഃപരിശോധിക്കണമെന്നും കെഎംസിസി ബഹ്‌റൈൻ ആവശ്യപ്പെട്ടു.59-ാം വയസ്സിൽ ക്ഷേമനിധിയിൽ അംഗമായ ഒരാൾ അഞ്ച് വർഷം പൂർത്തിയാക്കിയിട്ടും 64-ാം വയസ്സിൽ പെൻഷന് അർഹത നേടാൻ കഴിയാത്ത സാഹചര്യം യുക്തിരഹിതമാണെന്നും, ക്ഷേമനിധിയിൽ അഞ്ച് വർഷം അംഗത്വം പൂർത്തിയാക്കിയവർക്ക് കുടിശ്ശികയും നിയമാനുസൃത പിഴയും അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനും പെൻഷൻ ആനുകൂല്യം ലഭ്യമാക്കാനും സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കെഎംസിസി ബഹ്‌റൈൻ ആവശ്യപ്പെട്ടു.കെഎംസിസി ബഹ്‌റൈൻ വൈസ് പ്രസിഡന്റ് എ പി ഫൈസൽ ആണ് മുഖ്യമന്ത്രിയോട് നിവേദനത്തിലൂടെ കാര്യങ്ങൾ ആവശ്യപ്പെട്ടത്.
