കഴിഞ്ഞ ദിവസം മരണപ്പെട്ട കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാന്റെ പത്നി യസീന ഹബീബിന് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരവും പ്രത്യേക പ്രാർത്ഥനയും മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. കെഎംസിസി ബഹ്‌റൈൻറെ നേതൃത്വത്തിൽ നടന്ന അനുശോചന സംഗമത്തിൽ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക മത രംഗത്തെ പ്രമുഖർ, കെഎംസിസി ബഹ്‌റൈൻ സംസ്ഥാന ജില്ലാ ഏരിയ മണ്ഡലം പഞ്ചായത്ത് നേതാക്കൾ, പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ നാനാ തുറകളിലുമുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. മയ്യിത്ത് നമസ്കാരത്തിന് അബ്ദുൽ റസാഖ് നദ്‌വി നേതൃത്വം നൽകി. സയ്യിദ് യാസ്സർ ജിഫ്രി തങ്ങൾ പ്രത്യേകം പ്രാർത്ഥന നടത്തി.

കെഎംസിസി ബഹ്‌റൈൻ സീനിയർ നേതാവ് കുട്ടൂസ മുണ്ടേരി, വൈസ് പ്രസിഡന്റ് ഫൈസൽ എ പി , ആക്ടിങ് ജനറൽ സെക്രട്ടറി അഷ്‌റഫ് കാട്ടിൽ പീടിക, സെക്രട്ടറി ഫൈസൽ കണ്ടിതാഴ എന്നിവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ റഫീഖ് തൊട്ടക്കര, ഷാഫി പറക്കട്ട, സഹീർ കാട്ടാമ്പള്ളി, അബ്ദുൽ അസീസ് റിഫ, ഫൈസൽ കോട്ടപ്പള്ളി, അഷ്‌റഫ് കക്കണ്ടി, എസ് കെ നാസർ എന്നിവർ നേതൃത്വം നൽകി.
മഹതിയുടെ പെട്ടെന്നുള്ള നിര്യണം വളരെ വേദനാജനകമാണെന്ന് നേതാക്കൾ ചൂണ്ടികാട്ടി. വേർപാടിൽ ദുഃഖർത്തരായ ഹബീബ് റഹ്മാന്റെയും കുടുംബത്തിന്റെയും വിഷമം ഓരോ കെഎംസിസി ക്കാരന്റെയും ദുഃഖമാണെന്ന് നേതാക്കൾ പറഞ്ഞു. അവരുടെ ദുഃഖത്തിലും വിഷമത്തിലും കൂടെ ചേർത്തു നിർത്തുന്നതായി പ്രാസംഗികർ ചൂണ്ടികാട്ടി. ബഹ്‌റൈനിൽ നിന്ന് മയ്യിത്ത് നാട്ടിൽ അയക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് കെഎംസിസി ബഹ്‌റൈൻ മയ്യിത്ത് പരിപാലന വിംഗ് നേതൃത്വം നൽകി.
ബഹ്‌റൈനിൽ വെച്ചു മരണമടഞ്ഞ യസീനയുടെ ഖബറടക്കം മലപ്പുറം പെരിന്തൽമണ്ണയിലെ വേങ്ങൂർ ജുമാ മസ്ജിദിൽ വെച്ചു നടന്നു. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ജനാസ നമസ്കാരത്തിന് നേതൃത്വം നൽകി.
വേൾഡ് കെഎംസിസി സെക്രട്ടറി അസ്സൈനാർ കളത്തിങൽ, കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര, ട്രഷറർ കെ പി മുസ്തഫ സെക്രട്ടറി അസ്‌ലം വടകര മലപ്പുറം ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ താനൂർ, പാലക്കാട് ജില്ലാ പ്രസിഡന്റ് ഇൻമാസ് പട്ടാമ്പി, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഇസ്ഹാഖ് പി കെ, തുടങ്ങിയവർ കരിപ്പൂർ എയർപോർട്ടിൽ എത്തി മൃതദേഹം ഏറ്റുവാങ്ങി . കെഎംസിസി ബഹ്‌റൈൻ ജില്ലാ ഏരിയ മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ, പ്രവർത്തകർ, മുസ്ലിം ലീഗ് നേതാക്കൾ, എം എൽ എ മാർ ബഹ്‌റൈൻ കെഎംസിസി യുടെ പഴയ കാല നേതാക്കൾ, വിവിധ ജിസിസി രാജ്യങ്ങളിലെ കെഎംസിസി നേതാക്കൾ, ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ജനാസ നമസ്കാരത്തിൽ പങ്കെടുക്കുകയും വീട് സന്ദർശിക്കുകയും ചെയ്തു.
പരേതയ്ക്ക് വേണ്ടി മയ്യിത്ത് നമസ്കരിക്കാനും പ്രാർത്ഥിക്കാനും പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങലും സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങളും അഭ്യർത്ഥിച്ചു.

