കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.എ) ബഹ്‌റൈൻ, 2025 ഫെബ്രുവരി 20-ന് ഇന്ത്യൻ ക്ലബ്ബിൽ വൈകിട്ട് 6 മണിമുതൽ 11 മണിവരെ മന്നം ജയന്തി ആഘോഷിക്കുന്നു. ചടങ്ങിൽ ബഹ്‌റിനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായി പങ്കെടുക്കും. ബഹ്‌റിനിലെ കലാ, സാഹിത്യ,സാംസ്കാരിക മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. കെ.എസ്.സി.എ നൽകുന്ന വിശിഷ്ട അവാർഡുകൾ വേദിയിൽ വെച്ച് സമ്മാനിക്കും. വിദ്യാഭ്യാസം, സാംസ്കാരികം, ജീവകാരുണ്യ മേഖലകളിൽ മികച്ച സംഭാവനകൾക്കും,ഗൾഫ് മേഖലയിലെ ബിസിനസ് രംഗത്തെ ശ്രദ്ധേയ നേട്ടങ്ങൾക്കും ബ്രോഡൻ കോൺട്രാക്ടിംഗ് കമ്പനി W.L.L. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.കെ.എസ്. മേനോൻ മന്നം അവാർഡ് – 2024 ജേതാവായി തിരഞ്ഞെടുത്തു.ജയപ്രകാശ് മേനോൻ ചെയർമാനായ നാലംഗ കമ്മിറ്റിയാണ് ഡോ. കെ.എസ്. മേനോനെ തിരഞ്ഞെടുത്തത്. ഡോ. ബിന്ദു നായർ, പ്രശാന്ത് കുമാർ, ചന്ദ്രമോഹൻ എടത്തല എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങൾ.വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ 75 വർഷമായി വിദ്യാ വെളിച്ചം പകർന്നു നൽകുന്ന ഇന്ത്യൻ സ്കൂൾ ബഹ്‌റൈനിന് “ഗ്യാൻ ദീപ് പുരസ്കാരവും,ആതുര സേവനത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് 32 ഓളം വീടുകൾ പണിതുനൽകിയ അസോസിയേഷൻ എന്ന നിലയിൽ ബഹ്‌റൈൻ കേരളീയ സമാജത്തിന് ‘സേവാ രത്ന’ പുരസ്കാരവും ലഭിക്കും.വിദ്യാഭ്യാസം, ബിസിനസ്, സാമൂഹിക സേവനം എന്നീ രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ള സുജ ജെ.പി.മേനോൻ കർമ്മശ്രീ പുരസ്കാരത്തിനും അർഹയായി.ഇന്ത്യയിലും ഗൾഫ് മേഖലയിലും ചെണ്ടയും സോപാന സംഗീതവും ഉൾപ്പെടെ ഇന്ത്യൻ വാദ്യകലയുടെ വിവിധ രൂപങ്ങൾക്ക് നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള “വാദ്യ കലാശ്രീ” പുരസ്കാരം സോപാനം ഗുരു മേളരക്ന്ന സന്തോഷ് കൈലാസിനും ലഭിക്കും.
കൂടാതെ പുതുതായി തിരഞ്ഞെടുത്ത എക്സിക്യൂട്ടീവ് അംഗങ്ങളുടെയും, വനിതാ വിങ്ങിന്റെയും സ്ഥാനാരോഹണ ചടങ്ങും നടക്കും. തുടർന്ന് ബഹ്‌റിനിലെ ഇന്ത്യൻ കലാകാരന്മാരടങ്ങുന്ന വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. സി കേരളം ടി.വി. ചാനലിലെ സരിഗമപ ഫെയിം സ്വർണ്ണ കെ.എസ്. നയിക്കുന്ന ഗാനമേളയും, ബഹ്‌റിനിലെ കലാപ്രതിഭകൾ ചേർന്ന് അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകും. രാജീവ് വെള്ളിക്കോത്ത്, സന്തോഷ് കൈലാസും സോപാനം ബഹ്‌റൈൻ സംഘവും നയിക്കുന്ന പഥലയം (മ്യൂസിക്കൽ ഫ്യൂഷൻ), കലാമണ്ഡലം ഗിരിജ മേനോൻ, കലാമണ്ഡലം ആവണി അർജുൻ, സിന്ധു ആർ.എൽ.വി സൗമ്യ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള നൃത്തനൃത്തങ്ങളും അവതരിപ്പിക്കും.

കെ.എസ്.സി.എ ജനറൽ സെക്രട്ടറി ചടങ്ങിൽ പങ്കെടുക്കുന്നവരെ സ്വാഗതം ചെയ്ത് മന്നം ജയന്തി ആഘോഷപരിപാടികളുടെ വിശദവിവരങ്ങൾ അവതരിപ്പിച്ചു. പ്രസിഡന്റ് രാജേഷ് നമ്പ്യാർ 2025 അവാർഡുകൾ പ്രഖ്യാപിച്ച് പുരസ്കാര വിജയികളെ പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി.എക്സിക്യൂട്ടീവ് അംഗങ്ങളായ അസിസ്റ്റന്റ് സെക്രട്ടറി സതീഷ് കെ, ട്രഷറർ അരുൺ സി.ടി., എന്റർടൈൻമെന്റ് സെക്രട്ടറി മനോജ് നമ്പ്യാർ,മെമ്പർഷിപ്പ് സെക്രട്ടറി അനൂപ് പിള്ള, ഇന്റർണൽ ഓഡിറ്റർ അനീഷ്,വനിതാ വിഭാഗം പ്രസിഡണ്ട്,രമ സന്തോഷ്,പ്രോഗ്രാം കൺവീനർ ഹരീഷ് നായർ, ജോയിന്റ് കൺവീനർ പ്രശാന്ത് എന്നിവരും,ജൂറി ചെയർമാൻ ജെ.പി. മേനോൻ, അംഗങ്ങളായ ഡോ. ബിന്ദു, പ്രശാന്ത് കുമാർ, ചന്ദ്രമോഹൻ, കെ.എസ്.സി.എ.യുടെ മുതിർന്ന അംഗങ്ങളും, ഇവന്റ് പാർട്ണർ കോൺവെക്സ് ഡയറക്ടർ, അജിത് നായരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
ബഹ്‌റിനിലെ ഇന്ത്യയിൽനിന്നുള്ള സാമൂഹിക സാംസ്കാരിക മേഖലകളിലുള്ള എല്ലാവരെയും ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി കെ.എസ്.സി.എ, പ്രസിഡന്റ് രാജേഷ് നമ്പ്യാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജനറൽ കൺവീനർ ഹരീഷ് മേനോൻ (ഫോൺ: 34153933), ജോയിന്റ് കൺവീനർ പ്രശാന്ത് നായർ (ഫോൺ: 33279225) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

