ഡോ. പി. വി. ചെറിയാൻ്റെ നിര്യാണത്തിൽ കുടുംബ സൗഹൃദ വേദി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി

  • Home-FINAL
  • Business & Strategy
  • ഡോ. പി. വി. ചെറിയാൻ്റെ നിര്യാണത്തിൽ കുടുംബ സൗഹൃദ വേദി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി

ഡോ. പി. വി. ചെറിയാൻ്റെ നിര്യാണത്തിൽ കുടുംബ സൗഹൃദ വേദി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി


പ്രമുഖ പ്രവാസി ഡോക്ടറും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ഡോ. പി. വി. ചെറിയാൻ്റെ നിര്യാണത്തിൽ കുടുംബ സൗഹൃദ വേദി ബഹ്റൈൻ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് മലയാളികൾക്ക് എക്കാലവും ആശ്രയിക്കാവുന്ന ഉറ്റ സുഹൃത്തായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തിൽ ഭാരവാഹികൾ ഓർത്തു.ചികിത്സാരംഗത്തെ മികവിനൊപ്പം ജീവകാരുണ്യ മേഖലയിലും സമാനതകളില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ഡോ. ചെറിയാൻ. കാൻസർ കെയർ ഗ്രൂപ്പിന്റെ പ്രസിഡന്റ് എന്ന നിലയിൽ കാൻസർ രോഗികൾക്കായുള്ള വിപുലമായ സഹായ പദ്ധതികൾ, ആരോഗ്യ ബോധവത്കരണ പരിപാടികൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവയ്ക്ക് അദ്ദേഹം നേതൃത്വം നൽകി. ബഹ്‌റൈൻ മെഡിക്കൽ സൊസൈറ്റി ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ സംഘടനകളുമായി സഹകരിച്ച് പൊതുജനാരോഗ്യ മേഖലയിലും അദ്ദേഹം സജീവമായി പ്രവർത്തിച്ചു.ബഹ്റൈൻ രാജ്യം ആതിഥേയത്വം വഹിച്ച നിരവധി ദേശീയ-അന്തർദേശീയ പ്രധാന്യമുള്ള പരിപാടികളിൽ മെഡിക്കൽ കോ-ഓർഡിനേറ്ററായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബഹ്റൈൻ രാജകുടുംബത്തിന്റെ മെഡിക്കൽ സംഘത്തിലും അന്തരിച്ച മുൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ മെഡിക്കൽ ടീമിലും അംഗമായിരുന്നു. ആരോഗ്യരംഗത്തെ മികച്ച സംഭാവനകൾക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.ഒരു ഡോക്ടർ എന്നതിനപ്പുറം, അടിയന്തര സാഹചര്യങ്ങളിൽ സഹായം ആവശ്യമായി വരുന്ന സാധാരണക്കാരായ പ്രവാസികൾക്ക് സമയവും സാഹചര്യവും നോക്കാതെ എപ്പോഴും ഓടിയെത്തിയിരുന്ന വലിയൊരു മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. ബഹ്റൈനിലെ വിവിധ തലമുറകളിൽപ്പെട്ട മലയാളികൾ വലിയ സ്നേഹത്തോടും ആദരവോടും കൂടിയാണ് അദ്ദേഹത്തെ ഓർക്കുന്നത്. കുടുംബ സൗഹൃദ വേദിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും വലിയ പിന്തുണയും മാർഗ്ഗനിർദ്ദേശവും നൽകിയിരുന്ന ഡോ. പി. വി. ചെറിയാൻ്റെ വിയോഗം സംഘടനയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. പരേതനോടുള്ള ആദരസൂചകമായി അനുശോചന യോഗവും സംഘടിപ്പിച്ചു.

Leave A Comment