അങ്കമാലിയില്‍ അവിഗ്ന ലോജിസ്റ്റിക്സ് പാർക്ക്​ : 1700 പേർക്ക് ജോലിയെന്ന്​ മന്ത്രി

  • Home-FINAL
  • Kerala
  • അങ്കമാലിയില്‍ അവിഗ്ന ലോജിസ്റ്റിക്സ് പാർക്ക്​ : 1700 പേർക്ക് ജോലിയെന്ന്​ മന്ത്രി

അങ്കമാലിയില്‍ അവിഗ്ന ലോജിസ്റ്റിക്സ് പാർക്ക്​ : 1700 പേർക്ക് ജോലിയെന്ന്​ മന്ത്രി


കൊച്ചി: അങ്കമാലിക്ക് സമീപം പാറക്കടവ് ഗ്രാമപഞ്ചായത്തിലെ പുളിയനത്ത് അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ അവിഗ്ന ലോജിസ്റ്റിക്സ് പാർക്ക്​ തുടങ്ങി. ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ്. നിർവഹിച്ചു.ഗതാഗതച്ചെലവ് കുറയ്ക്കുക, ഇ-കൊമേഴ്‌സ്, എഫ്.എം.സി.ജി., ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽ, റീട്ടെയിൽ എന്നീ മേഖലകളിലെ കയറ്റുമതി വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി. ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ, ഡിജിറ്റൽ ഇൻറഗ്രേഷൻ, സ്മാർട്ട് ലോജിസ്റ്റിക്സ് സൊല്യൂഷൻസ് എന്നിവയും ഇവിടെ ഒരുക്കുന്നുണ്ട്. ഇതിലൂടെ 1700-ലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. പ്രാദേശിക തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും, ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തമായ പ്രചോദനമേകാനും പദ്ധതിയിലൂടെ കഴിയും.
“കേരളം ഇന്ന് പൂർണമായും വ്യവസായങ്ങൾക്ക് അനുയോജ്യമായ നാടായി മാറിക്കഴിഞ്ഞു. പാറക്കടവ് പഞ്ചായത്തിൽ ഇത്രയും വലിയൊരു സംവിധാനം ആരംഭിക്കുന്നത് ആദ്യമാണ്,” മന്ത്രി പറഞ്ഞു. അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഈ ലോജിസ്റ്റിക്സ് പാർക്ക് ഉദ്ഘാടനത്തിന് മുൻപേ തന്നെ പ്രമുഖ കമ്പനികൾ പൂർണമായും ഏറ്റെടുത്ത് കഴിഞ്ഞു.ഇതു വഴി 1300 പേർക്ക് നേരിട്ടും 400-ഓളം പേർക്ക് അല്ലാതെയും തൊഴിൽ നൽകാൻ സാധിച്ചിട്ടുണ്ട്. ഇതിൽ 40 ശതമാനവും പ്രദേശ വാസികളാണ് എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ മികച്ച കണക്ടിവിറ്റി യാഥാർത്ഥ്യമാകുന്നതിലൂടെ കൂടുതൽ ചെറുപ്പക്കാർക്ക് കൂടി തൊഴിൽ ലഭിക്കും.
വ്യവസായ വകുപ്പിൻ്റെ പുതിയ ചട്ട ഭേദഗതിയിലൂടെ വീടിൻ്റെ 50 ശതമാനം ഭാഗത്ത് സംരംഭം നടത്താനാകും. ഒഴിഞ്ഞു കിടക്കുന്ന വീടാണെങ്കിൽ, 100 ശതമാനവും ഉപയോഗിക്കാനാകും. ഇത് വഴി ഓരോ വീട്ടിലേക്കും തൊഴിൽ എത്തിക്കാൻ സാധിക്കും. ഇതിന് വേണ്ട നൈപുണ്യ വികസനത്തിന് സർക്കാർ പിന്തുണ നൽകുമെന്നും മന്ത്രി അറിയിച്ചു.
ചടങ്ങിൽ അവിഗ്ന വെയർ ഹൗസിങ് പ്രൊജക്ടിന്റെ ശിലാസ്ഥാപനവും മന്ത്രി പി രാജീവ് നിർവഹിച്ചു. ലോജിസ്റ്റിക്സ് പാർക്കിൽ നടന്ന ചടങ്ങിൽ അവിഗ്ന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എസ് രാജശേഖരൻ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം പി മുഖ്യപ്രഭാഷണം നടത്തി.
റോജി എം ജോൺ എം എൽ എ, പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.വി ജയദേവൻ, വാർഡ് അംഗം രാജമ്മ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ്, അവിഗ്ന ഗ്രൂപ്പ് ഡയറക്ടർ ആർ നവീൻ മണിമാരൻ, ബിനയ് ഝാ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുബോധ് മിശ്ര തുടങ്ങിയവർ പങ്കെടുത്തു.സംസ്ഥാന സർക്കാരിന്റെ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ’ ഭാഗമായി കളമശ്ശേരിയിൽ ആരംഭിക്കുന്ന അദാനി ലോജിസ്റ്റിക്സ് പാർക്കിന്റെ നിർമ്മാണോദ്ഘാടനം നേരത്തെ നടന്നിരുന്നു. 70 ഏക്കർ ഭൂമിയിൽ സ്ഥാപിക്കുന്ന ഈ പദ്ധതിയിൽ 600 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ആദ്യഘട്ടത്തിൽ വരുന്നത്. 13 ലക്ഷം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള സംയോജിത ലോജിസ്റ്റിക്സ് സൗകര്യങ്ങൾ, ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും സുസ്ഥിര വികസനത്തിനുള്ള സംവിധാനങ്ങളും ഉൾക്കൊള്ളുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Leave A Comment