കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖ് തൻ്റെ കൂടെ നടക്കുന്നതിൽ നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ താരത്തിനെതിരെ സൈബർ ആക്രമണം. സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടത് യുഡിഎഫ് ആയുധമാക്കിയിരിക്കുകയാണ്. ജനങ്ങളുടെ ടൗൺഷിപ്പ് എന്ന മമ്മൂട്ടിയുടെ പരാമർശം ഉയർത്തിക്കാട്ടിയാണ് യുഡിഎഫിന്റെ വിമർശനം.
ഇന്നലെയാണ് ടൗൺഷിപ്പ് സന്ദർശനത്തിനിടെ റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത്. ടൗൺഷിപ്പിലേത് സ്വകാര്യ സന്ദർശനം മാത്രമാക്കി നിലനിർത്താൻ മമ്മൂട്ടി നിർദ്ദേശിച്ചിരുന്നു. മമ്മൂട്ടി ചെന്നൈയിൽ നിന്ന് എത്തിയത് ടൗൺഷിപ്പ് കാണാൻ മാത്രമാണെന്നും മാദ്ധ്യമങ്ങളെ പോലും അറിയിക്കാതെയായിരുന്നു സന്ദർശനമെന്നും മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. സിപിഎം നേതാക്കൾ തുടർച്ചയായി അനുഗമിക്കുകയും ജനങ്ങളെ നിയന്ത്രിക്കുകയും ചെയ്തതോടെയാണ് മമ്മൂട്ടി മാറി നിൽക്കാൻ ആവശ്യപ്പെട്ടതെന്നാണ് വിവരം.

