മാതാ അമൃതാനന്ദമയി സേവാ സമിതി (MASS Bahrain) സംഘടിപ്പിച്ച 12-ാമത് പിതൃതർപ്പണം – കർക്കിടക വാവുബലി ചടങ്ങ് ഇന്ന് പുലർച്ചെ 4 മണി മുതൽ 6 മണി വരെ ബഹ്റൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു.

ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 300-ലധികം ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു. പരേതരായ പിതൃക്കളെ അനുസ്മരിച്ച് പിതൃതർപ്പണം അർപ്പിക്കുന്നതിനും പ്രാർത്ഥനകളിൽ പങ്കുചേരുന്നതിനുമായി നിരവധി കുടുംബങ്ങൾ ചടങ്ങിൽ സന്നിഹിതരായി.പരമ്പരാഗത ആചാരാനുഷ്ഠാനങ്ങൾ മുതേടത്ത് കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് നടന്നത്. വേദവിധിപ്രകാരമുള്ള വിവിധ ചടങ്ങുകൾക്കും തർപ്പണ കർമ്മങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.

കഴിഞ്ഞ 12 വർഷമായി MASS ബഹ്റൈൻ കർക്കിടക വാവുബലി ദിനത്തിൽ പിതൃതർപ്പണ ചടങ്ങ് സംഘടിപ്പിച്ചുവരുന്നു. കേരളത്തിലും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലുമുള്ള പാരമ്പര്യ ആചാരങ്ങൾ പ്രവാസ ജീവിതത്തിലും നിലനിർത്തുന്നതിനും പുതുതലമുറയ്ക്ക് നമ്മുടെ ആത്മീയവും സാംസ്കാരികവുമായ പൈതൃകവുമായി ബന്ധം നിലനിർത്തുന്നതിനുമുള്ള MASS-ന്റെ നിരന്തരമായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്.

ചടങ്ങിന് MASS ബഹ്റൈൻ കോഓർഡിനേറ്റർ സുധീർ തിരുനിലത്ത് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സതീഷ് കുമാർ, രക്ഷാധികാരി കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലും സഹകരണത്തിലും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ. മനോജ്, സന്തോഷ് കുമാർ, ലേഖ കൃഷ്ണകുമാർ, മനോജ് ഉള്ളാക്കുനത്ത്, സജിത സന്തോഷ്, വിനയജൻ, സുരേഷ് കോട്ടൂർ, രാജീവൻ സി.കെ., മനോജ് എന്നിവർ ചടങ്ങിന്റെ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

കൂടാതെ ചടങ്ങിന്റെ വിവിധ ആവശ്യങ്ങൾക്ക് പിന്തുണ നൽകിയ , MASS-ന്റെ എല്ലാ പ്രവർത്തകർക്കും സന്നദ്ധ സേവകർക്കും, പരിപാടിയുടെ ക്രമീകരണങ്ങളിലും പിന്നണിയിലും പ്രവർത്തിച്ച എല്ലാവർക്കും സംഘാടകർ ഹൃദയപൂർവ്വം നന്ദി അറിയിച്ചു.ബഹ്റൈൻ ഭരണ നേതൃത്വത്തിനും അധികാരികൾക്കും നന്ദി അതേസമയം, സമീപകാല പ്രതിസന്ധി ഘട്ടത്തിൽ ബഹ്റൈനിലെ പ്രവാസി സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും സംരക്ഷിക്കുന്നതിനും നേതൃത്വം നൽകിയ ബഹ്റൈൻ രാജ്യത്തിന്റെ മഹത്തായ ഭരണ നേതൃത്വത്തിനും ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും MASS ബഹ്റൈൻ ഹൃദയപൂർവ്വം നന്ദി അറിയിച്ചു.

പ്രവാസി സമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാനപരമായ ജീവിതത്തിനും നൽകിയ പരിഗണനയും ജാഗ്രതയും ഉത്തരവാദിത്തപൂർണ്ണമായ ഇടപെടലുകളും ഏറെ അഭിനന്ദനാർഹമാണെന്ന് MASS Bahrain വ്യക്തമാക്കി.300-ലധികം ഭക്തജനങ്ങളുടെ സാന്നിധ്യവും കൂട്ടായ പങ്കാളിത്തവും ഈ വർഷത്തെ പിതൃതർപ്പണ ചടങ്ങിനെ കൂടുതൽ അർത്ഥവത്താക്കി. പിതൃസ്മരണയും പിതൃതർപ്പണവും പോലുള്ള ഭാരതീയ പാരമ്പര്യങ്ങൾ പ്രവാസ സമൂഹത്തിലും നിലനിർത്തുകയും വരുംതലമുറകളിലേക്ക് കൈമാറുകയും ചെയ്യുക എന്നതാണ് ഇത്തരം പരിപാടികളിലൂടെ MASS ലക്ഷ്യമിടുന്നത്.

ആത്മീയത, സംസ്കാരം, സേവനം, കൂട്ടായ്മ എന്നിവയ്ക്ക് പ്രാധാന്യം നൽകി MASS Bahrain തുടർന്നും വിവിധ സാമൂഹിക, സാംസ്കാരിക, ആത്മീയ, ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
