ന്യൂഡൽഹി: ഇന്ത്യൻ കരസേനയിലെ ഉദ്യോഗസ്ഥർക്കിടയിൽ രക്തസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്നതായി പ്രതിരോധ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. സൈന്യത്തിലെ ‘ഡിസബിലിറ്റി പെൻഷൻ’ ലഭിക്കുന്നതിലേക്ക് നയിക്കുന്ന പ്രധാന പത്ത് കാരണങ്ങളിൽ ഇവ ഉൾപ്പെടുന്നുവെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഹൈപ്പർടെൻഷൻ, ഒടിവുകൾ, ഗർഭധാരണവുമായി ബന്ധപ്പെട്ട ശാരീരികാവസ്ഥകൾ, അമിതവണ്ണം എന്നിവയാണ് ഓഫീസർമാരുടെ ശാരീരികക്ഷമത കുറയാൻ കാരണമാകുന്ന പ്രധാന ഘടകങ്ങൾ. ആകെ വൈകല്യങ്ങളിൽ 71 ശതമാനവും ഇത്തരം പത്ത് ആരോഗ്യപ്രശ്നങ്ങൾ മൂലമാണ്. ഹൈപ്പർടെൻഷൻ – 19.04%, ഒടിവുകൾ – 12.67%, ഗർഭധാരണവുമായി ബന്ധപ്പെട്ടവ – 11.9%, അമിതവണ്ണം – 11.54% എന്നിങ്ങനെയാണ് കണക്കുകൾ. ഏകദേശം 45,000 ഓഫീസർമാരുള്ള കരസേനയിൽ ഈ പ്രവണത ഗൗരവകരമായാണ് കാണുന്നത്.
ജീവിതശൈലീ രോഗങ്ങളുടെ പേരിൽ ഓഫീസർമാർ വിരമിക്കുമ്പോൾ കൂടുതൽ പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് നേരത്തെ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ചോദ്യം ചെയ്തിരുന്നു. വിരമിക്കുന്ന ഓഫീസർമാരിൽ ഏകദേശം 40 ശതമാനത്തോളം പേരും ഡിസബിലിറ്റി പെൻഷൻ വാങ്ങുന്നതായാണ് കണ്ടെത്തൽ.

