മനാമ: സംസ്കൃതി ബഹ്റൈൻ,ബി.എം.സിയുമായി സഹകരിച്ച്, ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ 75-ാം ജന്മദിനം ഉജ്ജ്വലമായി ആഘോഷിച്ചു. സെപ്തംബർ 17-ന് വൈകിട്ട് ബി.എം.സി ഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖ സാമൂഹിക-സാംസ്കാരിക നേതാക്കളും സംഘടനാ പ്രതിനിധികളും സംസ്കൃതി അംഗങ്ങളും പങ്കെടുത്തു. ചടങ്ങ് ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ബി.എം.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ ഫ്രാൻസിസ് കൈതാരത്ത്, ദേവിജി ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശ്രീ ജയ്ദീപ്, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംസ്കൃതി ബഹ്റൈന്റെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങളുടെ ആവേശകരമായ പങ്കാളിത്തം ആഘോഷത്തിന് പ്രത്യേകഭംഗി പകർന്നു.
സംസ്കൃതി ജനറൽ സെക്രട്ടറി ശ്രീ ആനന്ദ് സോണി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ശ്രീ സുരേഷ് ബാബു തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഭാരതം കൈവരിച്ച ചരിത്രപരമായ മുന്നേറ്റങ്ങൾ, വികസന പദ്ധതികൾ, ആഗോള അംഗീകാരം, പുതിയ ഇന്ത്യയുടെ ദർശനം എന്നിവയെക്കുറിച്ച് പ്രഭാഷണം നടത്തി.
ശ്രീ പ്രവീൺ നായർ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിന്റെ വിജയത്തിന് റീജിയൻ 1 പ്രസിഡന്റ് രജീഷ് ടി. ഗോപാൽ, സെക്രട്ടറി ബാലചന്ദ്രൻ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, കൂടാതെ റീജിയൻ 2, 3 അംഗങ്ങൾ എന്നിവർ നൽകിയ പിന്തുണയും നേതൃത്വവും നിർണായകമായി. ചടങ്ങിൽ ശ്രീ ദീപക് നണ്ട്യാല, സുധീർ, വെങ്കടേഷ്, ലിജേഷ്, പ്രദീപ്, ജയ്ദീപ്, സോവിച്ചൻ, അജിത് മാത്തൂർ എന്നിവർ ജന്മദിനാശംസകൾ അർപ്പിച്ചു സംസാരിച്ചു.
ദേശസേവനത്തിനും രാഷ്ട്രനിർമാണത്തിനുമായി നിരന്തരം പ്രവർത്തിക്കുന്ന ശ്രീ നരേന്ദ്ര മോദിജിയുടെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ട് പോകുവാൻ എല്ലാവരും പ്രതിജ്ഞാബദ്ധരായി. ജന്മദിനാഘോഷത്തിന്റെ ഭാഗമായി മധുര വിതരണവും, സംസ്കൃതി ബഹ്റൈനും ബഹ്റൈൻ മീഡിയ സിറ്റിയും ചേർന്ന് പുറത്തിറക്കിയ ശംഖോലി എന്ന വീഡിയോ ആൽബത്തിന്റെ പ്രദർശനവും നടത്തി.

