മലപ്പുറം: ശ്രീലങ്കയിൽ സ്‌കൂബ ഡൈവിങിനിടെ ഹൃദയാഘാതം സംഭവിച്ച് മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. പറപ്പൂർ റോഡ് കനറാ ബാങ്കിന് സമീപം അഞ്ചുകണ്ടൻ കോയയുടെ മകൻ എ.കെ. മുഹമ്മദ് ഇർഫാൻ (30) ആണ് മരിച്ചത്. 10 ദിവസം മുമ്പ് വിവാഹിതയായ ഇർഫാൻ ഭാര്യ ഷിഫയോടൊപ്പം വിനോദയാത്ര പോയതായിരുന്നു. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പമാണ് ഇവർ ശ്രീലങ്കയിലെത്തിയത്.
കൊളംബോയിൽ നിന്ന് 300 കിലോമിറ്റർ അകലെ ട്രിൻകൊവാലിയിൽ സ്കൂബാ ഡൈവിങ് നടത്തുന്നതിനിടെയാണ് സംഭവം. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനുള്ള നടപടികൾ തുടങ്ങി. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ ഇർഫാന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.
