മരിച്ചത് തൃക്കാക്കരയിലെ ക്രാഫ്റ്റ് ഷോപ്പ് ജീവനക്കാർ; കാർ ഡ്രൈവർ കസ്റ്റഡിയിൽ
നെടുമ്പാശേരി: എയർപോർട്ട്–അത്താണി റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ഇജാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം.
മരിച്ച ഇജാസ് കർണാടക സ്വദേശിയും ദേവിക വയനാട് സ്വദേശിയും ഗോപിക പാലക്കാട് സ്വദേശിയുമാണ്. മൂന്നുപേരും തൃക്കാക്കരയിലെ സുക്കോയ എന്ന ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരാണ്.
എയർപോർട്ട് ഭാഗത്തെ ചായക്കടയിൽനിന്ന് ചായ കുടിച്ചശേഷം സ്കൂട്ടറിൽ അത്താണി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. എതിർദിശയിൽ വന്ന കാർ സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ഗോപികയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലും ഇജാസിന്റെയും ദേവികയുടെയും മൃതദേഹങ്ങൾ ആലുവയിലെ സി.എ. ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
അപകടവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
