ന്യൂഡൽഹി: നീറ്റ് യുജി 2026 പുനഃപരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിങ് ഏജൻസി ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ജൂൺ 14-ഓടെ അഡ്മിറ്റ് കാർഡുകൾ ലഭ്യമാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നേരത്തെ അറിയിച്ചിരുന്നു. പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക പോർട്ടലായ
neet.nta.nic.in വഴി ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം. പരീക്ഷാ കേന്ദ്രം ഉൾപ്പെടെയുള്ള വിവരങ്ങൾ അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാൾ ടിക്കറ്റ് ഇല്ലാത്ത ഒരു ഉദ്യോഗാർത്ഥിയെയും പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ലെന്ന് എൻടിഎ വ്യക്തമാക്കി.
അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പരീക്ഷാ കേന്ദ്രത്തിലേക്കുള്ള പ്രവേശനം രാവിലെ 11 മണിക്ക് ആരംഭിക്കും. ഉച്ചയ്ക്ക് 1:30-ന് ശേഷം ഒരു ഉദ്യോഗാർത്ഥിയെയും കേന്ദ്രത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ല. ഉച്ചയ്ക്ക് 1:45-ന് ഇൻവിജിലേറ്റർമാർ ടെസ്റ്റ് ബുക്ക്‌ലെറ്റുകൾ വിതരണം ചെയ്യും. പരീക്ഷയിൽ ക്രമക്കേടുകൾ നടത്താൻ ഉപയോഗിച്ചേക്കാവുന്ന യാതൊരുവിധ സാമഗ്രികളും പരീക്ഷാ ഹാളിൽ അനുവദിക്കില്ല.
വാട്ടർ ബോട്ടിലുകൾ, ചായ, കോഫി, തണുത്ത പാനീയങ്ങൾ, സ്നാക്സ് എന്നിവ പരീക്ഷാ കേന്ദ്രത്തിനകത്ത് അനുവദിക്കില്ല. പരീക്ഷാ കേന്ദ്രത്തിലും പരിസരത്തും പുകവലി കർശനമായി നിരോധിച്ചിട്ടുണ്ട്.
പരീക്ഷാ ദിവസം കരുതേണ്ട രേഖകൾ
പരീക്ഷയ്ക്ക് എത്തുമ്പോൾ താഴെ പറയുന്ന രേഖകൾ ഉദ്യോഗാർത്ഥികൾ നിർബന്ധമായും കൈയിൽ കരുതണം:
എൻടിഎ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട്. ആപ്ലി ക്കേഷൻ ഫോമിൽ നൽകിയിട്ടുള്ളതിന് സമാനമായ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ .
PwBD ആനുകൂല്യങ്ങൾക്ക് അർഹതയുള്ളവരാണെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
ഇത്തവണ വിദ്യാർത്ഥി സൗഹൃദപരമായ ചില മാറ്റങ്ങൾ എൻടിഎ പരീക്ഷയിൽ വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് പരീക്ഷാ സമയം 195 മിനിറ്റായി വർദ്ധിപ്പിച്ചു. കൂടാതെ റഫ് വർക്കുകൾ ചെയ്യുന്നതിനായി മുൻപ് നൽകിയിരുന്ന രണ്ട് പേജുകൾക്ക് പകരം ഇനി മുതൽ നാല് പേജുകൾ ലഭ്യമാക്കുമെന്നും എൻടിഎ അറിയിച്ചു.
