ചോദ്യപേപ്പർ ചോർച്ച: മെയ് മൂന്നിലെ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി; സിബിഐ അന്വേഷിക്കും

  • Home-FINAL
  • Business & Strategy
  • ചോദ്യപേപ്പർ ചോർച്ച: മെയ് മൂന്നിലെ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി; സിബിഐ അന്വേഷിക്കും

ചോദ്യപേപ്പർ ചോർച്ച: മെയ് മൂന്നിലെ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി; സിബിഐ അന്വേഷിക്കും


തിരുവനന്തപുരം: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതായ ആരോപണങ്ങളെ തുടർന്ന് മെയ് മൂന്നിലെ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി. സംഭവം സിബിഐ അന്വേഷിക്കും. പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. ഇതിനായി വേറെ രജിസ്ട്രേഷൻ ആവശ്യമില്ല.കേരളത്തിലുള്ള ചില വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ചോദ്യപേപ്പർ പ്രചരിച്ചിരുന്നുവെന്ന ആരോപണങ്ങളിൽ രാജസ്ഥാൻ പോലീസിന്റെ പ്രത്യേക സംഘം കേരളാ പോലീസിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങിയിരുന്നു.

2026 മെയ് മൂന്നിനാണ് നീറ്റ് പരീക്ഷ നടന്നത്. എന്നാൽ പരീക്ഷ നടക്കുന്നതിന് മുൻപ് തന്നെ ചോദ്യപേപ്പർ ചോർന്നിട്ടുണ്ടെന്നാണ് ആരോപണം. രാജസ്ഥാനിലെ സിക്കറിലെ ഒരു കോച്ചിങ് സെന്റർ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നും ആരോപണം ഉയർന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടക്കുന്നത്.
അന്വേഷണത്തിനായി രാജ്സ്ഥാനിൽ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന് രൂപം നൽകിയിരുന്നു. 700 മാർക്കിന്റെ ചോദ്യപേപ്പറിൽ 100 മാർക്കിന്റെ ചോദ്യങ്ങൾ അടങ്ങിയ അവസാനപേജാണ് ചോർന്നിട്ടുള്ളതെന്നാണ് വിവരം. ഒരു കോച്ചിങ് സ്ഥാപനം 400 ചോദ്യോത്തരങ്ങൾ തയ്യാറാക്കിയിരുന്നു. ഈ 400 ചോദ്യോത്തരങ്ങളിൽ 100 എണ്ണം കൃത്യമായി അതേപോലെ വന്നുവെന്നും ആരോപണങ്ങളുയർന്നിട്ടുണ്ട്.

കേരളത്തിൽ കോച്ചിങ്ങുമായി ബന്ധപ്പെട്ടുള്ള ചില വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ചോദ്യപേപ്പർ പ്രചരിച്ചിട്ടുണ്ടെന്നും പരാതിക്കാർ പറയുന്നു. അതിന്റെ ഭാഗമായാണ് കേരളത്തിലും അന്വേഷണം നടക്കുന്നത്. കേരളാ പോലീസുമായി സഹകരിച്ചാണ് അന്വേഷണമെന്ന് രാജസ്ഥാൻ പോലീസ് അറിയിച്ചിട്ടുണ്ട്. രാജസ്ഥാനും കേരളത്തിനും പുറമേ മുംബൈയിലും ചോദ്യങ്ങൾ ചോർന്നതായി ആരോപണങ്ങളുണ്ട്.

Leave A Comment