ഭാര്യയെ കണ്ടെത്താൻ നേപ്പാൾ പ്രളയ ഹെൽപ്‌ലൈനിൽ വിളിച്ചു; അന്വേഷണത്തിൽ പുറത്തുവന്നത് ഒളിച്ചോട്ട കഥ

  • Home page
  • International
  • ഭാര്യയെ കണ്ടെത്താൻ നേപ്പാൾ പ്രളയ ഹെൽപ്‌ലൈനിൽ വിളിച്ചു; അന്വേഷണത്തിൽ പുറത്തുവന്നത് ഒളിച്ചോട്ട കഥ

ഭാര്യയെ കണ്ടെത്താൻ നേപ്പാൾ പ്രളയ ഹെൽപ്‌ലൈനിൽ വിളിച്ചു; അന്വേഷണത്തിൽ പുറത്തുവന്നത് ഒളിച്ചോട്ട കഥ


റായ്പുർ: കാണാതായ ഭാര്യയെ കണ്ടെത്താൻ ഭർത്താവ് സ്വീകരിച്ച അസാധാരണ മാർഗം ഒടുവിൽ ഫലം കണ്ടു. നേപ്പാളിലെ പ്രളയത്തിൽ കുടുങ്ങിയെന്നു പറഞ്ഞ് അടിയന്തര ഹെൽപ്‌ലൈൻ വഴി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് റായ്പുർ സ്വദേശിയായ യുവാവിന്റെ ഭാര്യയെ നേപ്പാളിലെ ജനക്പുരിൽ സുരക്ഷിതയായി കണ്ടെത്തിയത്. എന്നാൽ, പ്രളയത്തിൽ അകപ്പെട്ടതല്ലെന്നും മറ്റൊരു യുവാവിനൊപ്പം സ്വന്തം ഇഷ്ടപ്രകാരം നേപ്പാളിലേക്ക് പോയതാണെന്നും പിന്നീട് വ്യക്തമായി.
റായ്പുർ ഡിഡി നഗർ സ്വദേശിയായ 25കാരനും ഛത്തീസ്ഗഢിലെ ധംതരി സ്വദേശിനിയായ 24കാരി മോണിക യാദവും ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. സമൂഹമാധ്യമത്തിലെ പരിചയം പിന്നീട് പ്രണയമായി. 2025 ഡിസംബറിൽ ഇരുവരും വിവാഹിതരായി.
എന്നാൽ വിവാഹജീവിതത്തിന് അധികം ആയുസ്സുണ്ടായില്ല. മാസങ്ങൾക്കകം മോണിക വീട്ടിൽനിന്ന് സാധനങ്ങളുമായി ഇറങ്ങിപ്പോയി. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെ ബന്ധപ്പെടാനുള്ള വഴികളും അടഞ്ഞു. തുടർന്ന് ജൂലൈ 25ന് ഭർത്താവ് ഡിഡി നഗർ പൊലീസ് സ്റ്റേഷനിലെത്തി കാണാതായതായി പരാതി നൽകി.
പ്രാദേശികമായി നടത്തിയ അന്വേഷണത്തിൽ മോണികയെ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. ഇതിനിടെ സ്വകാര്യവൃത്തങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളിൽ മോണിക മറ്റൊരു പുരുഷനൊപ്പം നേപ്പാളിലേക്ക് കടന്നതായി ഭർത്താവിന് സൂചന ലഭിച്ചു. എന്നാൽ രാജ്യാതിർത്തി കടന്നുള്ള അന്വേഷണം പൊലീസ് നേരിടുന്ന നിയമപരമായ പരിമിതികൾ കൂടുതൽ സങ്കീർണമാക്കി.
അതിനിടെയാണ് നേപ്പാളിൽ രൂക്ഷമായ പ്രളയമുണ്ടായത്. കാണാതായവരെയും ദുരന്തബാധിതരെയും കണ്ടെത്തുന്നതിനായി വിവിധ സംസ്ഥാനങ്ങൾ അടിയന്തര ഹെൽപ്‌ലൈൻ സംവിധാനങ്ങൾ സജീവമാക്കി. ഇതോടെയാണ് ഭർത്താവ് മറ്റൊരു നീക്കം നടത്തിയത്. മോണിക നേപ്പാളിലെ പ്രളയത്തിൽ കുടുങ്ങിയിരിക്കാമെന്ന് പറഞ്ഞ് അടിയന്തര ഹെൽപ്‌ലൈനെ സമീപിച്ചു.
വിവരം ലഭിച്ചതോടെ ഛത്തീസ്ഗഢ് അധികൃതർ നേപ്പാൾ അധികൃതരുമായി ബന്ധപ്പെട്ടു. നേപ്പാളിലെ വിവിധ മേഖലകളിൽ തിരച്ചിൽ ആരംഭിച്ചു. 24 മണിക്കൂറിനകം മോണികയെ ജനക്പുരിൽ സുരക്ഷിതയായി കണ്ടെത്തി.
തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവത്തിന്റെ യഥാർഥ ചിത്രം വ്യക്തമായത്. പ്രളയത്തിൽ അകപ്പെട്ടതല്ല മോണികയെന്നും മറ്റൊരു പുരുഷനൊപ്പം സ്വന്തം ഇഷ്ടപ്രകാരം ജനക്പുരിലേക്ക് പോയതാണെന്നും അധികൃതർ കണ്ടെത്തി.

Leave A Comment