നിപയില്‍ ആശ്വാസം തുടരുന്നു; ഇന്നും പുതിയ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി

  • Home-FINAL
  • Business & Strategy
  • നിപയില്‍ ആശ്വാസം തുടരുന്നു; ഇന്നും പുതിയ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി

നിപയില്‍ ആശ്വാസം തുടരുന്നു; ഇന്നും പുതിയ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി


സംസ്ഥാനത്ത് ഇന്ന് പുതിയ നിപ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ന് രാവിലെ ഫലം ലഭിച്ച 7 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ ഇന്ന് സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇന്‍ഡക്സ് കേസിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള മറ്റുജില്ലകളിലെ 21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയവരെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പബ്ലിക് ഹെല്‍ത്ത് ലാബുകളുള്‍പ്പെടെയുള്ള സ്റ്റേറ്റ്, ജില്ലാതല ലാബുകളില്‍ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഐ.സി.എം.ആര്‍. മാനദണ്ഡ പ്രകാരം എസ്.ഒ.പി. തയ്യാറാക്കും. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും അതത് ജില്ലയിലെ ആര്‍.ടി.പി.സി.ആര്‍, ട്രൂനാറ്റ് പരിശോധനകള്‍ നടത്താന്‍ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദേശം നല്‍കി. എസ്.ഒ.പി. ലഭിക്കുന്ന മുറക്ക് മുന്‍ഗണനാ ക്രമത്തില്‍ പരിശീലനം നല്‍കി ലാബുകള്‍ സജ്ജമാക്കുന്നതാണ്. നിപ പോസിറ്റീവ് ആയവരുടെ മറ്റ് ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള ലാബ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒറ്റ ദിവസം കൊണ്ട് സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി.

നിപ ഭീതി; ജാഗ്രതയോടെ നേരിടാം, അറിയേണ്ട കാര്യങ്ങള്‍…

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. നിപയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങളും രോഗലക്ഷണങ്ങളും സ്വീകരിക്കേണ്ട മുന്‍കരുതലുകളും അറിയാം.

നിപ വൈറസ്

ആര്‍.എന്‍.എ. വൈറസുകളില്‍ ഒന്നായ പാരാമിക്‌സോ വൈറിഡേ കുടുംബത്തിലെ ഹെനിപാ വൈറസുകളില്‍ ഒന്നായിട്ടാണ് നിപ വൈറസിനെ വര്‍ഗീകരിച്ചിരിക്കുന്നത്. ഇത് പ്രാഥമികയും വവ്വാലുകളിലാണ് കാണപ്പെടുന്നത്. ഐസിഎംആര്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പന്നികള്‍ പോലെയുള്ള മറ്റ് മൃഗങ്ങളും രോഗാണുവാഹകരാകാം എങ്കിലും ഇന്ത്യയില്‍ നിന്നും അതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ല. മനുഷ്യനിലേക്ക് വൈറസ് എത്തിക്കഴിഞ്ഞാല്‍ മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കും ആരോഗ്യ പ്രവര്‍ത്തകരിലേക്കും മറ്റു രോഗികളിലേക്കുമൊക്കെ രോഗം പകരാം എന്നതിനാല്‍ ആശുപത്രികളിലെ രോഗാണുബാധനിയന്ത്രണം അത്യധികം പ്രാധാന്യമര്‍ഹിക്കുന്നു.

രോഗലക്ഷണങ്ങള്‍

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകാനെടുക്കുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതില്‍ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ സമയം കഴിയും തോറും വര്‍ധിച്ചു വരാം എന്നതും, രോഗതീവ്രത വര്‍ധിക്കുന്നതനുസരിച്ച് രോഗവ്യാപനസാധ്യത വര്‍ധിച്ചേക്കാം എന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്.

രോഗ സ്ഥിരീകരണം 

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

രോഗചികിത്സ

രോഗം വളരെ നേരത്തെ കണ്ടെത്താന്‍ കഴിയുന്ന രോഗികളില്‍ അതില്‍ത്തന്നെ അണുബാധയും രോഗലക്ഷണങ്ങളും രൂക്ഷമല്ലാത്തവരില്‍ ആന്റിവൈറല്‍ മരുന്നുകളും മറ്റും ഫലം കണ്ടേക്കാം എങ്കിലും, നിപ വൈറസിന്റെ നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന ഉപവിഭാഗത്തില്‍ മരണനിരക്ക് വളരെ കൂടുതലാണ്. അതിനാല്‍ കൂടുതല്‍ ആളുകള്‍ രോഗികളാകുന്നത് തടയുക എന്നതാണ് ഏറ്റവും മികച്ച പ്രതിരോധം.

രോഗം പകരുന്നത് 

  • വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലാതെയോ (വവ്വാല്‍ കടിച്ച പഴങ്ങള്‍, വവ്വാലുകളില്‍ നിന്നും അണുബാധയുണ്ടായ മറ്റ് മൃഗങ്ങള്‍ തുടങ്ങിയവ) ആണ് വൈറസ് മനുഷ്യരില്‍ എത്തുക.
  • വൈറസ് ബാധിച്ച ആള്‍ക്ക് രോഗലക്ഷങ്ങള്‍ പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ത്താന്‍ കഴിയും.
  • നിപ വായുവിലൂടെ സാമാന്യം ദൂരത്ത് നില്‍ക്കുന്നവരിലേക്ക് പകരില്ല, ലക്ഷണമുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഉള്ളവരിലേക്ക് മാത്രമേ (വലിയ കണികകളിലൂടെ) പകരുകയുള്ളു.
  • രോഗിയുമായി അടുത്ത് സമ്പര്‍ക്കത്തില്‍ വരേണ്ടി വന്നാലും എന്‍ 95 മാസ്‌കുകളും മറ്റ് സംരക്ഷണ ഉപാധികളും ഉപയോഗിച്ച് രോഗാണുബാധ ഒഴിവാക്കാം.
  • നിപ ബാധ കണ്ടെത്തുന്ന ഇടങ്ങളില്‍ പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നെങ്കിലും ഉള്ളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
  • എല്ലാ ആരോഗ്യപ്രവര്‍ത്തകരും രോഗികളെ കാണുന്ന സമയങ്ങളില്‍ എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
  •  രോഗിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് അയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരും, അത്തരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവരും ആരോഗ്യവകുപ്പിനെ ഫോണ്‍ മുഖാന്തിരം വിവരമറിയിക്കുകയും, വീട്ടിലുള്ളവരുമായും മറ്റുള്ളവരുമായും സമ്പര്‍ക്കമൊന്നുമില്ലാതെ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന അത്രയും സമയം വീട്ടില്‍ തന്നെ കഴിയുകയും വേണം. ഈ സമയം എല്ലാ ദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുമായി ഫോണില്‍ ബന്ധപ്പെടുകയും എന്തെങ്കിലും രോഗലക്ഷങ്ങള്‍ പ്രകടിപ്പിക്കുന്ന പക്ഷം ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന മാര്‍ഗത്തിലൂടെ മാത്രം ചികിത്സ തേടണം. ഇത്തരത്തില്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്ന ആളുകളുടെ ഭയം ദൂരീകരിക്കുന്നതിനായി കൗണ്‍സിലിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്.
  •  അവസാന രോഗിയെ കണ്ടെത്തി ഏതാണ്ട് ഒരു മാസക്കാലത്തേക്ക് പുതിയ രോഗികള്‍ ഇല്ലാതെയാകുന്നു എങ്കില്‍ മാത്രമേ നിപ നിയന്ത്രണ വിധേയമായി എന്ന് കരുതാന്‍ കഴിയുകയുള്ളു. അതുകൊണ്ട് തന്നെ നീണ്ടുനില്‍ക്കുന്ന ജാഗ്രത ആവശ്യമാണ്.
  • അതേസമയം കോവിഡ്, ചിക്കന്‍പോക്സ് തുടങ്ങിയ രോഗങ്ങളെപ്പോലെ ഒരു വലിയ സമൂഹത്തിലേക്ക് വായുവിലൂടെ പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ സാമാന്യ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ നമുക്ക് ഈ പ്രശ്നത്തെ വേഗം മറികടക്കാം.

രോഗി/രോഗികളുമായി ഇതിനകം തന്നെ സമ്പര്‍ക്കത്തില്‍ വന്നവരോ വന്നിരിക്കാന്‍ സാധ്യതയുള്ളവരോ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

ആരോഗ്യവകുപ്പിനെ ഫോണ്‍ മുഖാന്തിരം വിവരമറിയിക്കുകയും, വീട്ടിലുള്ളവരുമായും മറ്റുള്ളവരുമായും സമ്പര്‍ക്കമൊന്നുമില്ലാതെ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന അത്രയും സമയം വീട്ടില്‍ തന്നെ കഴിയുകയും വേണം. ഈ സമയം എല്ലാ ദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുമായി ഫോണില്‍ ബന്ധപ്പെടുകയും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പക്ഷം ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന മാര്‍ഗത്തിലൂടെ മാത്രം ചികിത്സ തേടണം. ഇത്തരത്തില്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്ന ആളുകളുടെ ഭയം ദൂരീകരിക്കുന്നതിനായി കൗണ്‍സിലിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്.

പൊതുജനങ്ങള്‍ ഈ സമയത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

  •  മറ്റുള്ളവരുമായി ഇടപെടുന്ന സമയത്ത് കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക.
  •  ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
  • പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നെങ്കിലും ഉള്ളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്.
  • രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
  • രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  • സംശയിക്കപ്പെടുന്ന രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക.
  • രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക.
  • സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.

സ്വീകരിക്കേണ്ട സുരക്ഷാ രീതികള്‍

  • ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ കഴുകുക
  • രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക
  • സംശയിക്കപ്പെടുന്ന രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക.
  • ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
  • രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക
  • സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം
  • മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.
  • കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വ്യത്തിയായി കഴുകുക.
  • അണുനാശികാരികളായ ക്ലോറോഹെക്‌സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകേണ്ടതാണ്.
  •  ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.
  • കഴിവതും വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല.
  • വവ്വാലുകള്‍ വളര്‍ത്തുക, അവയുടെ മാംസം ഭക്ഷിക്കുക, അവയുടെ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുക തുടങ്ങിയവ ഒരു കാരണവശാലും ചെയ്യരുത്.
  •  വവ്വാല്‍ കടിച്ചതായി സംശയിക്കുന്ന പഴങ്ങള്‍, അവയുടെ വിസര്‍ജ്ജ്യമോ ശരീരസ്രവങ്ങളോ പുരണ്ട പ്രതലങ്ങള്‍ തുടങ്ങിയവയുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ കൈകള്‍ ഉടനടി സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.

Leave A Comment