ന്യൂഡൽഹി: അന്തമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ നടപ്പാക്കുന്ന ഗ്രേറ്റ് നിക്കോബാർ മെഗാ പദ്ധതിക്കുനേരേയുള്ള കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ വിമർശനത്തിന് കേന്ദ്രത്തിൻ്റെ മറുപടി. പദ്ധതിയുടെ ഭാഗമായി അന്തമാനിലെ തദ്ദേശീയ ആദിവാസിസമൂഹത്തെ കുടിയൊഴിപ്പിക്കില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. വിശദമായ പാരിസ്ഥിതികാഘാത പഠനത്തിലൂടെ പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കിയുള്ള പദ്ധതി രാജ്യസുരക്ഷയ്ക്ക് നിർണായകവും പ്രതിരോധ-നയതന്ത്ര പ്രാധാന്യമേറിയതുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
81,000 കോടി രൂപയുടെ പദ്ധതി രാജ്യത്തെ ഏറ്റവും വലിയ അഴിമതികളിലൊന്നും പ്രകൃതിക്കും ആദിവാസിപാരമ്പര്യത്തിനും നേർക്കുള്ള ഗുരുതര കുറ്റകൃത്യവുമാണെന്ന് കഴിഞ്ഞ ദിവസം അന്തമാൻ സന്ദർശിച്ച രാഹുൽഗാന്ധി ആരോപിച്ചിരുന്നു. അന്തമാൻ തീരത്തിനുള്ള നേട്ടമുപയോഗപ്പെടുത്തി തുറമുഖം വികസിപ്പിക്കുകവഴി ഇന്ത്യയെ സുപ്രധാന സാമ്പത്തിക-നയതന്ത്ര ഹബ്ബാക്കാമെന്നും ഇന്ത്യൻ മഹാസമുദ്രത്തിൽ വാണിജ്യ-സൈനിക സ്വാധീനം ശക്തമാക്കുകയെന്ന ചൈനയുടെ തന്ത്രത്തെ നേരിടാൻ പദ്ധതി സഹായിക്കുമെന്നുമാണ് കണക്കുക്കൂട്ടൽ.

