പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സുരേഷ് മണ്ടോടിക്കും സാമൂഹിക പ്രവർത്തകൻ അരുൺ പ്രകാശിനും നൗക ബഹ്റൈന്റെ ആഭിമുഖ്യത്തിൽ സ്നേഹോപഹാരം നൽകി ആദരിച്ചു. കൂടാതെ, ‘TARANG 2026 – ISB’ യിൽ മികച്ച പ്രകടനവും അഭിമാനകരമായ നേട്ടങ്ങളും കൈവരിച്ച ആൽവിൻ കുഞ്ഞിപ്പറമ്പത്തിനെയും നൗക ബഹ്റൈൻ ആദരിച്ചു.

മനാമ ചായക്കട ഹാളിൽ നടന്ന ചടങ്ങിൽ നൗക ബഹ്റൈൻ സെക്രട്ടറി സജിത്ത് വെള്ളികുളങ്ങര സ്വാഗതം പറഞ്ഞു. നൗക ബഹ്റൈൻ വൈസ് പ്രസിഡന്റ് സ. ബിനുകുമാർ അധ്യക്ഷത വഹിച്ചു. തുടർന്ന് അശ്വതി മിഥുൻ (പ്രസിഡന്റ്), പ്രജീഷ് (ജോയിന്റ് സെക്രട്ടറി) ഉൾപ്പെടെയുള്ള മറ്റ് നൗക എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആശംസകൾ നേർന്നു സംസാരിച്ചു. നൗക ബഹ്റൈൻ ട്രഷറർ സ. അനീഷ് ടി.കെ. നന്ദി രേഖപ്പെടുത്തി.നൗകയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി സഹകരിച്ചുവരുന്ന സുരേഷ് മണ്ടോടിയുടെയും സാമൂഹിക പ്രവർത്തനങ്ങളിൽ നൗകയോടൊപ്പം നിലകൊണ്ട അരുൺ പ്രകാശിന്റെയും സംഭാവനകളോടുള്ള ആദരവും, ഒപ്പം ‘TARANG 2026 – ISB’ യിലെ മികച്ച നേട്ടത്തിന് ആൽവിൻ കുഞ്ഞിപ്പറമ്പത്തിന് അഭിമാനനേട്ടത്തിനുള്ള ആദരവും പങ്കുവെക്കുന്നതിന്റെ ഭാഗമായാണ് സ്നേഹോപഹാരങ്ങൾ നൽകിയത്.പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ രൂപപ്പെട്ട സൗഹൃദങ്ങളും ആത്മബന്ധങ്ങളും നാടുകളിലേക്കുള്ള മടക്കയാത്രയിലും നിലനിൽക്കുമെന്ന സന്ദേശം പകരുന്നതായി ഈ ചടങ്ങ്.
