സഹോദരിയുടെ അസ്ഥികൂടവുമായി വയോധികന്‌ ബാങ്ക്‌ തുക വിട്ടുനൽകി

  • Home-FINAL
  • Business & Strategy
  • സഹോദരിയുടെ അസ്ഥികൂടവുമായി വയോധികന്‌ ബാങ്ക്‌ തുക വിട്ടുനൽകി

സഹോദരിയുടെ അസ്ഥികൂടവുമായി വയോധികന്‌ ബാങ്ക്‌ തുക വിട്ടുനൽകി


ഭുവനേശ്വർ: മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ തുക വിട്ടുകിട്ടാൻ അസ്ഥികൂടവുമായി എത്തിയ ആൾക്ക് പണം അനുവദിച്ച്‌ ഒഡിഷ ഗ്രാമീൺ ബാങ്ക്. കേന്ദുഛർ സ്വദേശി ജീത്തു മുണ്ടയ്ക്കാണ് സഹോദരി കൽറ മുണ്ടയുടെ അക്കൗണ്ടിലുണ്ടായിരുന്ന 19,000 രൂപ ഗ്രാമീൺ ബാങ്ക് വിട്ടു നൽകിയത്. തുക കിട്ടാൻ സഹോദരിയുടെ കുഴിമാടം തോണ്ടി അസ്ഥികൂടവുമായി ബാങ്കിലെത്തേണ്ടി വന്ന ജീത്തുവിന്റെ അവസ്ഥ വലിയ ചർച്ചയായിരുന്നു.
സഹോദരിയുടെ പണം ചോദിച്ച് ബാങ്കിലെത്തിയെങ്കിലും അക്കൗണ്ട് ഉടമ നേരിട്ടു വരാതെ പണം നൽകാനാവില്ലെന്നാണ് ബാങ്ക് പലതവണ പറഞ്ഞതെന്നാണ് ജീത്തു മാധ്യമങ്ങളോടു പറഞ്ഞത്. നിരക്ഷരനായ ആദിവാസി വയോധികനാണ് ജീത്തു. എന്നാൽ ജീത്തു മദ്യപിച്ചാണ് ബാങ്കിലെത്തിയതെന്നും മരിച്ച വ്യക്തിയുടെ അക്കൗണ്ടിലെ പണം നോമിനിക്ക് മാത്രമേ ചട്ടങ്ങൾ പാലിച്ചു നൽകാനാകൂ എന്നു പറഞ്ഞിട്ടും അദ്ദേഹത്തിന് അത് മനസ്സിലായില്ലെന്ന് ഗ്രാമീൺ ബാങ്ക് പിന്നീട് വിശദീകരിച്ചിരുന്നു. ഇക്കാര്യം അംഗീകരിക്കാൻ ജീത്തു തയാറായില്ലെന്നും ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.

മരിച്ചയാളുടെ പണം വിട്ടുകിട്ടാൻ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ജീത്തുവിനെ അറിയിച്ചെങ്കിലും അദ്ദേഹത്തിന് അതൊന്നും മനസ്സിലായില്ല. തുടർന്ന് സഹോദരിയുടെ അസ്ഥികൂടം തുണിയിൽ പൊതിഞ്ഞ് ബാങ്കിലേക്ക് കൊണ്ടുവരുകയായിരുന്നു. സംഭവം വിവാദമായതോടെ സർക്കാർ ഇടപെട്ട് മരണ സർട്ടിഫിക്കറ്റും അനന്തരാവകാശികൾക്കുള്ള സർട്ടിഫിക്കറ്റും നൽകുകയായിരുന്നു. ജീത്തുവിനും കൽറയുടെ മറ്റ് രണ്ട് ബന്ധുക്കൾക്കുമാണ് തുക കൈമാറിയത്. കൽറയുടെ ഭർത്താവും മകനും നേരത്തെ മരിച്ചിരുന്നു. ഇതോടെയാണ് പൊലീസിന്റെയും ഗ്രാമീണരുടെയും സാന്നിധ്യത്തിൽ ജീത്തുവിന് തുക നൽകിയത്.

Leave A Comment