പത്തനംതിട്ട: നാല് കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകി കടന്നുപോയ പിഞ്ചോമന ആലിൻ ഷെറിൻ എബ്രഹാമിന് യാത്രാമൊഴിയേകാൻ വൻ ജനപ്രവാഹം. മല്ലപ്പള്ളി ജോർജ് മാത്തൻ ആശുപത്രി ചാപ്പലിൽ ഇന്ന് രാവിലെയാണ് സംസ്കാരചടങ്ങുകള്‍ ആരംഭിച്ചത്. ആശുപത്രിയിലെ പൊതുദർശനത്തിനുശേഷം എട്ടുമണിയോടെ ആലിനെ നെടുങ്ങാടപ്പള്ളിയിലെ വീട്ടിലെത്തിച്ചു. വീട്ടിനുള്ളിലെ പ്രാര്‍ത്ഥനാ ചടങ്ങിനുശേഷമാണ് പൊതുദര്‍ശനം ആരംഭിച്ചത്.
ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് ഇവിടെ പൊതുദർശനം. തുടർന്ന് വീട്ടിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടക്കും. മൂന്നുമണിയോടെ വിലാപയാത്രയായി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയിലേക്ക് കൊണ്ടുപോകും. നാലുമണിയോടെ പള്ളിയിലെ പ്രർത്ഥനകൾക്കുശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തും. മന്ത്രിമാരടക്കം നിരവധി ആളുകൾ വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കും.
ഫെബ്രുവരി അഞ്ചിന് കോട്ടയത്ത് നടന്ന കാറപകടത്തെത്തുടർന്നാണ് കുഞ്ഞിന് മസ്തിഷ്ക മരണം സംഭവിച്ചത്. ഹൃദയവാൽവും കരളും വൃക്കയും കണ്ണുകളുമാണ് ദാനം ചെയ്തത്. അപകടത്തിൽ പരിക്കേറ്റ കുഞ്ഞിന്റെ മാതാവ് ഷെറിൻ കഴിഞ്ഞ ദിവസം വീട്ടിലെത്തി. പിതാവ് അരുണാണ് അവയവദാനത്തെക്കുറിച്ച് ആദ്യം ചിന്തിക്കുന്നത്. ഷെറിനോട് പറഞ്ഞപ്പോൾ നിറഞ്ഞ മനസോടെ സമ്മതിച്ചെന്നും തുടർന്ന് സർക്കാർ സംവിധാനമായ കെ- സോട്ടോ വഴി അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചെന്നും അരുൺ പറഞ്ഞു.

