തിരുവനന്തപുരം: ക്രിമിനലുകൾക്ക് സംരക്ഷണം ഒരുക്കുന്ന മാഫിയാ സംഘമായി ആഭ്യന്തര വകുപ്പും സർക്കാർ സംവിധാനങ്ങളും അധഃപതിച്ചതിൻ്റെ ഉത്തമ ഉദാഹരണമാണ് മർദനമേറ്റ പൊലീസുകാരനെതിരെ കേസെടുത്ത സംഭവമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. രണ്ട് പൊലീസുകാരാണ് ഇന്നലെ സംസ്ഥാനത്ത് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിൽ പൊലീസുകാരനെ എസ്.എഫ്.ഐ ക്രിമിനൽ സംഘം ആക്രമിച്ചപ്പോൾ കോഴിക്കോട് മറ്റൊരു പൊലീസുകാരനെ പട്ടാപ്പകൽ ക്രിമിനൽ കുത്തി പരിക്കേൽപ്പിച്ചു. പി.ആർ ഏജൻസികൾ ഊതി വീർപ്പിച്ച അതേ പിണറായി വിജയൻ തന്നെയാണ് ഇപ്പോഴും കേരളത്തിന്റെ ആഭ്യന്തരമന്ത്രിയെന്നത് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളിൽ എസ്.എഫ്.ഐ പ്രവർത്തകർ പൊലീസുകാരനെ പിന്നാലെ നടന്ന് പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മർദ്ദിക്കുന്നതും മാദ്ധ്യമങ്ങൾ പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാണ്. എന്നിട്ടും മർദ്ദനത്തിന് ഇരയായ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഒപ്പമുണ്ടായിരുന്ന സഹോദരിയെയും പ്രതിയാക്കി. ഇരുവരും ചേർന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചു എന്നതാണ് കേസ്. അതേസമയം പിന്നാലെ നടന്ന് ആക്രമിച്ച എസ്.എഫ്.ഐ സംഘത്തിനെതിരെ നിസാര വകുപ്പുകൾ മാത്രം. അറസ്റ്റും ഇല്ല. എന്തൊരു നീതി നിർവഹണമാണിതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

